14 July, 2022 08:19:59 PM


ഏറ്റുമാനൂര്‍ ഗ്യാസ് ശ്മശാനം വീണ്ടും പ്രവര്‍ത്തനം തുടങ്ങി; ആദ്യസംസ്കാരവും നടത്തി



ഏറ്റുമാനൂര്‍: രണ്ട് മാസത്തിലേറെയായി പ്രവര്‍ത്തനം നിലച്ച ഏറ്റുമാനൂരിലെ ഗ്യാസ് ക്രിമിറ്റോറിയം വീണ്ടും പ്രവര്‍ത്തനം തുടങ്ങി. കാടും പടലും പിടിച്ച് യന്ത്രങ്ങള്‍ കേടുവന്ന് ഉപയോഗിക്കാനാവാത്ത അവസ്ഥയിലെത്തിയതോടെയാണ് ഏറെ വൃത്തിഹീനമായി കിടന്ന ശ്മശാനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.  പുതുതായി ചുമതലയേറ്റ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബീനാ ഷാജിയുടെ ഇടപെടലുകളെതുടര്‍ന്ന് മുന്‍കാലപ്രാബല്യത്തോടെ തുക അനുവദിച്ചതോടെയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരണം നടന്നത്.


അടുപ്പുകള്‍ കേടായി ഗ്യാസ് മുഴുവന്‍ പുറത്തേക്ക് ചോരുന്ന അവസ്ഥയിലായിരുന്നു ശ്മശാനം.  മൃതദേഹങ്ങള്‍ കത്തിയമരാന്‍ ഏറെ കാലതാമസവും വന്നിരുന്നു. ശ്മശാനത്തിന്‍റെ പരിപാലനചുമതലയുണ്ടായിരുന്ന കമ്പനി നഗരസഭയുമായി വെച്ചിരുന്ന  കരാര്‍ കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ചിരുന്നു. കരാര്‍ പുതുക്കുന്നതിന് കമ്പനി നഗരസഭയ്ക്ക് കത്ത് നല്‍കിയിട്ടും ഇത് കൌണ്‍സിലിന്‍റെ മുന്നിലെത്തിയില്ല. സെക്രട്ടറിയും, സൂപ്രണ്ടും, ഹെല്‍ത്ത് ഇന്‍സ്പെക്ടറും, അസിസ്റ്റന്‍റ് എഞ്ചിനീയറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കത്തിന് വേണ്ട പ്രാധാന്യം നല്‍കിയുമില്ല.


കരാര്‍ പുതുക്കാതായതോടെ യന്ത്രങ്ങളുടെ പരിപാലനചുമതലയില്‍നിന്ന് കമ്പനിയും വിട്ടുനിന്നു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷയായിരുന്ന സുനിതാ ബിനീഷ് രാജിവെക്കും മുമ്പ് ശ്മശാനത്തിന്‍റെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന അലംഭാവം എടുത്തുപറഞ്ഞിരുന്നു. പിന്നീട് ചുമതലയേറ്റ ബീനാ ഷാജിയുടെ സന്ദര്‍ശനവേളയിലാണ് ശ്മശാനത്തിന്‍റെ ഭീകരാവസ്ഥ മനസിലാകുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരാരും ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായി. 'താന്‍ എന്തു ചെയ്യാനാ, ആരോടു പറയാനാ' എന്നതായിരുന്നു ശ്മശാനത്തിലെ ജീവനക്കാരന്‍റെ നിലപാട്. 


കഴിഞ്ഞയിടെ കോവിഡ് മൂലം മരണമടഞ്ഞ വിദേശപൌരന്‍റെ സംസ്കാരം നടക്കാതെ വന്നതോടെയാണ് കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകളുടെ കീഴിലുള്ള രണ്ട് ശ്മശാനങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. മനുഷ്യാവകാശകമ്മീഷന്‍റെ ഇടപെടലുകളും ഉണ്ടായി. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബീന ഷാജിയുടെ നിരന്തരസമ്മര്‍ദ്ദത്തെതുടര്‍ന്ന് രണ്ടര ലക്ഷം രൂപയോളം ചെലവാക്കിയാണ് ഇപ്പോള്‍ ശ്മശാനം നവീകരിച്ചത്. അഞ്ച് ബര്‍ണറുകള്‍ ഉള്‍പ്പെടെ യന്ത്രഭാഗങ്ങള്‍ പലതും മാറിവെച്ചു.


നവീകരണപ്രവര്‍ത്തനങ്ങളുടെ അവസാനം വിലയിരുത്താനായി നഗരസഭാ ഭരണസമിതിയുടെ സംഘം ശ്മശാനത്തിലെത്തിയപ്പോഴാണ് കുമാരനല്ലൂരില്‍നിന്നും കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്കാരത്തിനായി ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഉച്ചകഴിഞ്ഞ് എത്തിച്ച മൃതദേഹം ഇവരുടെ സാന്നിദ്ധ്യത്തില്‍തന്നെ ഇവിടെ സംസ്കരിക്കുകയും ചെയ്തു. ബീനാ ഷാജിയോടൊപ്പം പി.എസ്.വിനോദ്, സുനിത ബിനീഷ്, വിജി ചാവറ, സുചിത്ര എന്നിവരുമുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K