15 July, 2022 11:32:29 AM


'രമയുടെ വിധിയാണ്, പാര്‍ട്ടി കോടതി നടപ്പാക്കിയ വിധി'; ആഞ്ഞടിച്ച് വി ഡി സതീശന്‍



തിരുവനന്തപുരം: കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ പരാമര്‍ശത്തില്‍ നിയമസഭയില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സ്ത്രീത്വത്തെ അപമാനിച്ച എം എം മണി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയില്‍ തന്നെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. എം എം മണി മാപ്പുപറയുക എന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷം സഭാ കവാടത്തിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. 

കോളജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടപ്പോള്‍ ഇരന്നുവാങ്ങിയ രക്ഷസാക്ഷിത്വം എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ സഭയില്‍ ബഹളം വയ്ക്കുന്നതെന്ന് തിരിച്ച് ആരോപിച്ചുകൊണ്ടാണ് മന്ത്രി പി രാജീവ് പ്രതിപക്ഷ പ്രതിഷേധങ്ങളെ നേരിട്ടത്. ടി പി വധത്തില്‍ സിപിഐഎമ്മിന് ഉത്തരവാദിത്വമില്ലെന്നാണ് എം എം മണി പറഞ്ഞതെന്ന് പി രാജീവ് സഭയില്‍ പറഞ്ഞു.

കെ കെ രമയുടെ വിധി നടപ്പാക്കിയത് സിപിഐഎം പാര്‍ട്ടി കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. കൊന്നിട്ടും സിപിഐഎമ്മിന് ടി പി ചന്ദ്രശേഖരനോടുള്ള പക തീരുന്നില്ലെന്നും സര്‍ക്കാര്‍ രമയുടെ പിന്നാലെ നടന്ന് വേട്ടയാടുകയാണെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. ടി പി ചന്ദ്രശേഖരന്റെ രക്തക്കറ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ കൈകളിലുണ്ടെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K