17 July, 2022 09:47:50 PM


സഹപാഠിയുടെ അശ്ലീലഫോട്ടോ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണി: പ്ലസ് വൺ വിദ്യാർഥിനിയും മാതാപിതാക്കളും 15 ലക്ഷം തട്ടിയതായി പരാതി



കോട്ടയം: സഹപാഠിയുടെ അശ്ലീല ഫോട്ടോ മോശം സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പ്ലസ് വൺ വിദ്യാർഥിനിയായ കൂട്ടുകാരിയും മാതാപിതാക്കളും ചേർന്ന് 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. കടുത്തുരുത്തി മാഞ്ഞൂർ പഞ്ചായത്തിലെ അപ്പൻ കവലയ്ക്കു സമീപം താമസിക്കുന്ന പ്ലസ് വൺ വിദ്യാർഥിനിക്കും മാതാപിതാക്കൾക്കും എതിരെയാണ് സഹപാഠിയുടെ മാതാവ് സൈബർ സെല്ലിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പരാതിക്കാരിയുടെ മകളും പണം തട്ടിയെടുക്കാൻ കൂട്ടുനിന്ന പെൺകുട്ടിയും ഞീഴൂരിലെ ഒരു സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളും കൂട്ടുകാരികളുമാണ്. കൂട്ടുകാരിയുടെ അശ്ലീല ഫോട്ടോകൾ ചിലരുടെ കൈവശമുണ്ടെന്നും ഇത് മോശം സൈറ്റുകളിൽ ഇടാതിരിക്കാൻ അവർക്ക് പണം നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയെ പലതവണ ഫോണിൽ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു പരാതിയിൽ പറയുന്നു. ഭയന്നുപോയ കുടുംബം പ്രശ്നങ്ങൾ ഒഴിവാക്കാനായി പണം നൽകി. പലതവണയായി 15 ലക്ഷത്തോളം രൂപ ഇവർ തട്ടിച്ചെടുത്തതായി പരാതിയിൽ പറയുന്നു.

കൂട്ടുകാരിയുടെയും കുടുംബത്തിന്‍റെയും ഭീഷണി ഏറിയതോടെ മകൾ പഠിപ്പ് നിർത്തുകയും വീടിനു പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയും ചെയ്യുന്ന സ്ഥിതി വന്നതോടെയാണ് മാതാവ് പരാതി നൽകിയത്. പൊലീസ് പരാതിക്കാരിയുടെയും മകളുടെയും മൊഴിയെടുത്തു. ഫോണുകളും പരിശോധിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K