19 July, 2022 06:49:20 PM


പാലാ കിഴതടിയൂര്‍ ബാങ്ക് തിരഞ്ഞെടുപ്പ്; ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ്



പാലാ: അധികാര ദുര്‍വിനിയോഗം നടത്തി സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍  പിടിച്ചെടുക്കുന്ന ഇടതുനിലപാടിൽ പ്രതിഷേധിച്ച് പാലാ കിഴതടിയൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് തങ്ങൾ ബഹിഷ്ക്കരിക്കുകയാണെന്ന് യു.ഡി. എഫ്. നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ദൗർഭാഗ്യകരമായ ഈ സമീപനമാണ് ഇടതു മുന്നണി  പാലാ കിഴതടിയൂര്‍ ബാങ്ക് തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ പോകുന്നതെന്ന് വ്യക്തമാണെന്ന് യു.ഡി. എഫ്.  നേതാക്കൾ കുറ്റപ്പെടുത്തി.

വ്യാജ അംഗത്വ  കാര്‍ഡുകളുടെ വിതരണം ഇടതുമുന്നണി പൂര്‍ത്തിയാക്കിയിട്ടുണ്ട്.  നിരന്തരം ആവശ്യപ്പെട്ടിട്ട് പോലും വോട്ടേഴ്‌സ് ലിസ്റ്റ്  അംഗങ്ങള്‍ക്ക് നല്‍കാന്‍  തയ്യാറാകുന്നില്ല.  ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ തിരഞ്ഞെടുപ്പ് ഒരു പ്രഹസനം ആണ് എന്ന് ബോധ്യപ്പെട്ടു കഴിഞ്ഞതായും യു.ഡി. എഫ് നേതാക്കൾ പറഞ്ഞു. സഹകരണ വകുപ്പ് കയ്യാളുന്നവരാണ്  ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകള്‍ പ്രോത്സാഹിപ്പിക്കുന്നത്.  ജനങ്ങളുടെ ആശ്രയമായ സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുത്ത്  അവിടങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതികള്‍ ആസൂത്രണം ചെയ്യുന്ന സിപിഎം തിരക്കഥ സംസ്ഥാനത്തെമ്പാടും നടപ്പാക്കുകയാണ്.  അതുതന്നെ പാലായിലും ആവര്‍ത്തിക്കപ്പെടുന്നുവെന്നും നേതാക്കൾ പറയുന്നു. 

യുഡിഎഫ് മണ്ഡലം കമ്മിറ്റി കൂടി ആലോചിച്ചും മേല്‍ ഘടകങ്ങളുമായി ചര്‍ച്ച ചെയ്തുമാണ്  തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ തീരുമാനം എടുത്തിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു..  തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം നടത്തുന്ന നീക്കങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും.  അതിനായുള്ള പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ പ്രൊഫ. സതീഷ് ചൊള്ളാനി, ജോര്‍ജ് പുളിങ്കാട്, ആര്‍.വി.തോമസ്,  ജോഷി വട്ടക്കുന്നേല്‍, ഷോജി ഗോപി, തുടങ്ങിയവർ എന്നിവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K