27 July, 2022 10:03:04 AM


പാലാ ജനറൽ ആശുപത്രിയിൽ അക്രമം: ഡോക്ടര്‍ക്കും സുരക്ഷാ ജീവനക്കാരനും പരിക്ക്



പാലാ: ജനറൽ ആശുപത്രിയിൽ ആശുപത്രി ജീവനക്കാർക്ക് നേരെ അക്രമം. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കഞ്ചാവ് ലഹരിയിൽ എത്തിയ  കാസർഗോഡ് സ്വദേശി ബിനോയ് എന്നയാൾ ഡ്യൂട്ടി ഡോക്ടറെയും സുരക്ഷ ജീവനക്കാരെയും അത്യാഹിത വിഭാഗത്തിൽ എത്തി കയേറ്റം ചെയ്യുകയായിരുന്നു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ അരുൺ, സെക്യൂരിറ്റി ജീവനക്കാരൻ ജിമ്മി എന്നിവർക്കാണ് പരിക്കേറ്റത്. പിടിവലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന്‍റെ കൈ കുഴ തെന്നി മാറി.


പാലായിൽ കെട്ടിട നിർമ്മാണ സൈറ്റിലെ തൊഴിലാളി ആയിരുന്നു അക്രമി. കഴിഞ്ഞദിവസം ഇയാളുടെ തലയ്ക്ക് പരിക്ക് പറ്റി  ആശുപത്രിയിൽ എത്തുകയും ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ആശുപത്രി അധികൃതർ പറഞ്ഞുവിടുകയും ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രിയോടെ ബിനോയ് അദ്ദേഹഹിത വിഭാഗത്തിൽ എത്തുകയും  സുരക്ഷാ ജീവനക്കാരെ അസഭ്യം പറഞ്ഞ കയ്യേറ്റം നടത്തുകയുമായിരുന്നു.


അക്രമി ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ മാനസിക പ്രശ്നമുള്ള ആളാണോ അതോ മയക്കുമരുന്നിന് അടിമയാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ പ്രതിഷേധ യോഗം നടത്തി. ആശുപത്രിയിൽ അടിയന്തിരമായി പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ആശുപത്രി  അങ്കണത്തില്‍ വിവിധ  യൂണിയനുകളുടെ നേതൃത്വത്തിൽ  ചികിത്സ മുടങ്ങാതെയാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K