03 August, 2022 07:28:35 PM


'ചൂണ്ട ഇടാനും വെള്ളത്തില്‍ ചാടാനും പോകരുത്': ആലപ്പുഴ കളക്ടറുടെ ആദ്യ ഉത്തരവ്



ആലപ്പുഴ: കലക്ടറായി ചുമതലയേറ്റ ശേഷം ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയുടെ ആദ്യ ഉത്തരവ് കുട്ടികൾക്കുവേണ്ടി ! കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവാണ് ജില്ലാ കളക്ടർ ആദ്യം ഇറക്കിയത്. ഇതിനൊപ്പം കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട കുറിപ്പും ഇപ്പോൾ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. കളക്ടർ സ്നേഹത്തോടെ കുട്ടികൾക്കായി എഴുതിയ കുറിപ്പ് ലൈക്കും കമന്‍റും ഷെയറും ചെയ്ത് ആഘോഷമാക്കിയിരിക്കുകയാണ് ആലപ്പുഴക്കാർ.

'നിങ്ങളുടെ സുരക്ഷ ഉറപ്പിക്കാൻ വേണ്ടി നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകരുത്' എന്നായിരുന്നു കളക്ടറുടെ നിർ‌ദേശം. ജില്ലയിൽ കനത്ത മഴയാണെന്നും എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്നും കളക്ടർ ആവശ്യപ്പെടുന്നു. അച്ഛനും അമ്മയും ഇല്ലെന്നു കരുതി പുറത്തേക്ക് പോകരുതെന്നും പകർച്ചവ്യാധി അടക്കം പകരുന്ന സമയമാണെന്നും കളക്ടർ ഓർമ്മപ്പെടുത്തുന്നുണ്ട്. അവധിയാണെന്ന് മടിപിടിച്ചിരിക്കരുതെന്നും പാഠഭാഗങ്ങള്‍ നോക്കണമെന്നും കൃത്യസമയത്ത് ഭക്ഷണം കഴിക്കണമെന്നും കളക്ടർ വിആർ കൃഷ്ണ തേജ ആവശ്യപ്പെടുന്നുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

"പ്രിയ കുട്ടികളെ,

ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്‍റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.

കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ...

സനേഹത്തോടെ.."


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K