18 August, 2022 07:05:09 PM
ബിക്കിനി വിവാദം: അധ്യാപികയെ പുറത്താക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊൽക്കത്ത: ബിക്കിനി ധരിച്ച ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് അസിസ്റ്റന്‍റ് പ്രൊഫസറെ പുറത്താക്കിയ കൊൽക്കത്തയിലെ സെൻറ് സേവ്യേഴ്സ് യൂണിവേഴ്സിറ്റിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനം ഉയരുന്നു. സ്വിം സ്യൂട്ട് ധരിച്ചിട്ടുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് അധ്യാപികയോട് നിർബന്ധമായി രാജിവെക്കാൻ യൂണിവേഴ്സിറ്റി അധികൃതർ ആവശ്യപ്പെടുകയായിരുന്നു. അധ്യാപിക യൂണിവേഴ്സിറ്റിയിൽ ജോലിയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്.
ഏതായാലും കൊൽക്കത്തിയിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൻെറ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധം ഉയരുകയാണ്. 'Take That Xaviers' എന്ന ക്യാമ്പെയിനാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മാനസികാരോഗ്യ പ്രവർത്തക രത്‌നബോളി റേ, സൈക്കോളജിസ്റ്റ് പയോഷ്‌നി മിത്ര, യൂണിവേഴ്സിറ്റിയിലെ മുൻ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായിരുന്ന അനിഷാ പാൽ, നടി ബിദീപ്ത ചക്രവർത്തി തുടങ്ങിയവർ ഈ വിഷയത്തിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.
രത്‌നബോളിയാണ് ഫേസ്ബുക്കിൽ ഈ ക്യാമ്പെയിൻ തുടങ്ങിയത്. നീന്തൽ വസ്ത്രം ധരിച്ച് കൊണ്ടുള്ള തൻെറ ഒരു ചിത്രം അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. "എന്ത് വസ്ത്രം ധരിക്കണമെന്നത് അധ്യാപകരുടെ താൽപര്യമാണ്. വിദ്യാർഥികൾ അത് വിഷയമാക്കേണ്ടതില്ല. ഇതേക്കുറിച്ച് ഒരു സ്ഥാപനത്തിന് വ്യക്തമായി ബോധ്യമില്ലെന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്," രത്‌നബോളി ചിത്രത്തിനൊപ്പം കുറിച്ചു.
സൈക്കോളജിസ്റ്റായ പയോഷ്‌നി മിത്ര കടലിൽ നീന്തിക്കളിക്കുന്ന തൻെറ അമ്മയുടേയും മകളുടേയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. "സ്വിം സ്യൂട്ട് ധരിക്കുന്ന മൂന്ന് തലമുറകളാണിത്. സോഷ്യൽ മീഡിയയിൽ ഇത്തരം ചിത്രങ്ങൾ ഷെയർ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" ക്യാമ്പെയിന് തുടക്കമിട്ട രത്നബോളിയോട് നന്ദി പറഞ്ഞ് കൊണ്ട് പയോഷ്‌നി കുറിച്ചു.
ഫ്രഞ്ച് കവി ഹെലീൻ സെക്‌സ്റ്റസിനെ ഉദ്ധരിച്ചു കൊണ്ട് ബിക്കിനി ധരിച്ച ഒരു ചിത്രം പോസ്റ്റ് ചെയ്താണ് മുൻ എസ്എഫ്ഐ നേതാവായിരുന്ന അനീഷ പാൽ ക്യാമ്പെയിൻെറ ഭാഗമായത്. "ശരീരം സെൻസർ ചെയ്യുക, നിങ്ങൾ ശ്വാസവും സംസാരവും എല്ലാം സെൻസർ ചെയ്യേണ്ടതായി വരും," അനീഷ പറഞ്ഞു. #takethatxaviers എന്ന ഹാഷ്ടാഗും അനീഷ ഉപയോഗിച്ചിട്ടുണ്ട്.
സിനിമാ മേഖലയിൽ നിന്നും ഈ വിഷയത്തിൽ പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രശസ്ത ബംഗാളി നടിയായ ബിദീപ്ത ചക്രബർത്തി നീന്തൽ വസ്ത്രത്തിൽ തന്റെ മൂത്ത മകൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. "എൻെറ ശരീരം എൻെറ അവകാശമാണ്" എന്നും അവർ ചിത്രത്തിനൊപ്പം എഴുതിയിട്ടുണ്ട്. ടോളിവുഡ് നടി രൂപ്‌സ ഗുഹയും ഈ ക്യാമ്പെയിൻെറ ഭാഗമായിട്ടുണ്ട്. സ്വിം സ്യൂട്ട് ധരിച്ച് കൊണ്ടുള്ള ഒരു ചിത്രം അവരും പോസ്റ്റ് ചെയ്തിട്ടുണ്ട്.
സെലബ്രിറ്റികളല്ലാതെ നിരവധി സാധാരണക്കാരും സെൻറ് സേവേഴ്സിൻെറ നടപടിയെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വന്തം ശരീരത്തിൻെറ കാര്യത്തിലും എന്ത് വസ്ത്രം ധരിക്കണമെന്ന കാര്യത്തിലും ആരും ഉപദേശങ്ങൾ നൽകേണ്ടതില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, സ്ത്രീകൾ ചന്ദ്രനിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള മണ്ടൻ തീരുമാനങ്ങളുമായി യൂണിവേഴ്സിറ്റി മുന്നോട്ട് വന്നിരിക്കുന്നത്. തീരുമാനം പുന:പരിശോധിക്കണമെന്നും സൈബർ ലോകം ആവശ്യപ്പെട്ടു.