02 September, 2022 08:18:32 PM


സ്ഥലം പോക്കുവരവ് ചെയ്യാൻ 15000 രൂപ കൈക്കൂലി: ആനിക്കാട് വില്ലേജ് ഓഫീസർ പിടിയിൽ



കോട്ടയം: സ്ഥലം പോക്കുവരവ് ചെയ്യാൻ 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസർ ജേക്കബ് തോമസിനെയാണ് കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയുടെ പട്ടയം കിട്ടിയ സ്ഥലം പോക്കുവരവ് ചെയ്തു നൽകുന്നതിനായി ജേക്കബ് തോമസ് 15000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി രണ്ടുമാസം മുൻപ് നൽകിയ അപേക്ഷ ഇയാൾ മനപൂർവ്വം വൈകിപ്പിക്കുകയായിരുന്നു. അപേക്ഷകൻ നിരന്തരം ഇതിനായി വില്ലേജ് ഓഫീസിലെത്തിയെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാൻ വില്ലേജ് ഓഫീസർ തയ്യാറായില്ല. ഒടുവിൽ കൈക്കൂലിയായി 15,000 രൂപ നൽകിയാൽ തൊട്ടടുത്ത ദിവസം തന്നെ സ്ഥലം പോക്കുവരവ് ചെയ്തുകൊടുക്കാമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു. ഇതോടെ അപേക്ഷകൻ വിജലൻസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.

ഇതേത്തുടർന്ന് പ്രാഥമിക പരിശോധന നടത്തിയ വിജിലൻസ് സംഘത്തിന് പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. തുടർന്ന് ബ്ലൂഫിലിം പൗഡർ ഇട്ടു നൽകിയ 15000 രൂപ വിജിലൻസ് നിർദേശാനുസരണം വില്ലേജ് ഓഫീസിൽ വച്ച് പരാതിക്കാരൻ വില്ലേജ് ഓഫീസർക്ക് കൈമാറി. ഈ സമയം വില്ലേജ് ഓഫീസിന് പുറത്തായി കാത്തുനിൽക്കുകയായിരുന്നു വിജലൻസ് സംഘം. വില്ലേജ് ഓഫീസർ പണം കൈപ്പറ്റുന്നതിനിടെ പെട്ടെന്ന് അവിടേക്ക് എത്തിയ എത്തിയ വിജിലൻസ് ഡി വൈ എസ് പി വി.ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വില്ലേജ് ഓഫീസറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വില്ലേജ് ഓഫീസറുടെ കൈയ്യിൽ നിന്ന് കൈക്കൂലി പണവും വിജിലൻസ് സംഘം കണ്ടെത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് കോട്ടയം വിജിലൻസ് സംഘത്തിന് നേതൃത്വത്തിൽ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നത്. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K