05 September, 2022 07:14:15 PM


കോട്ടയം ജില്ലയിൽ റേഷൻ കാർഡില്ലാത്ത 232 അതിദരിദ്രർക്ക് ഓണക്കിറ്റ് എത്തിക്കും



കോട്ടയം: ജില്ലയിൽ അതിദരിദ്രരുടെ പട്ടികയിലുൾപ്പെട്ട റേഷൻ കാർഡ് ഇല്ലാത്തവർക്ക് ഓണക്കിറ്റ് എത്തിച്ച് ജില്ലാ ഭരണകൂടം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് 232 പേർക്കാണ് കിറ്റ് നൽകുന്നത്. അതിരമ്പുഴ നാൽപാത്തിമല ലക്ഷം വീടു കോളനിയിലെ കാർത്യായനിക്ക് താമസസ്ഥലത്തെത്തി ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീയുടെ നേതൃത്വത്തിൽ കിറ്റ് കൈമാറി. അതത് ബ്‌ളോക്ക് പഞ്ചായത്തു സെക്രട്ടറിമാരും കുടുംബശ്രീയും വഴിയാണ് കിറ്റുകൾ താമസിക്കുന്ന സ്ഥലത്ത് എത്തിക്കുന്നത്.

അരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, ഉപ്പ്, ആട്ട, മുളകുപൊടി, തേയില എന്നിവയടങ്ങുന്നതാണ് കിറ്റ്. ജില്ലാ കളക്ടറുടെ നിർദേശത്തെത്തുടർന്ന് എസ്.ബി.ഐയുടെ സി.എസ്.ആർ. ഫണ്ടുപയോഗിച്ചാണ് കിറ്റ് നൽകുന്നത്.
അഞ്ചുവർഷത്തിനുള്ളിൽ അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ അതിദാരിദ്ര്യ  നിർണയ പ്രക്രിയയുടെ ഭാഗമായാണ് ജില്ലയിൽ 1119 പേരുടെ പട്ടിക വിവിധ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ കണ്ടെത്തി പ്രസിദ്ധീരിച്ചത്.

 ഗ്രാമപഞ്ചായത്തംഗം ഷിമി സജി, നോഡൽ ഓഫീസറായ പി.എ.യു. പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ, ജില്ലാ ലീഡ് ബാങ്ക് മാനേജർ ജി.എം. അലക്‌സ്, എസ്.ബി.ഐ. ഡെപ്യൂട്ടി ജനറൽ മാനേജർ ജെ. ശിവകുമാർ, റീജണൽ മാനേജർമാരായ ഡോ. അനിത, വി.വിജേഷ്്, ബി.ഡി.ഒ. രാഹുൽ ജി. കൃഷ്ണൻ, എക്‌സ്റ്റൻഷൻ ഓഫീസർ ബിലാൽ കെ. റാം എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K