15 September, 2022 01:49:38 PM


ചട്ടങ്ങൾ കാറ്റിൽപറത്തി പണിത ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി



ആലപ്പുഴ : പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് - പൊളിക്കൽ നടപടികൾ തുടങ്ങി. തീരദേശ പരിപാലന ചട്ടം ല൦ഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാപ്പിക്കോ റിസോർട്ട്  പൊളിച്ച് നീക്കുന്നത്. ഇതിന് മുന്നോടിയായി റിസോർട്ട് കയ്യേറിയ 2.9 ഹെക്ടർ ഭൂമി ജില്ലഭരണകൂടം തിരിച്ച് പിടിച്ചിരുന്നു.

പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജയാണ് പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്. ആലപ്പുഴ നെടിയംത്തുരുത്തിൽ വേമ്പനാട്ടുകായലിന്‍റെ തീരത്തായിട്ടാണ് കാപ്പിക്കോ റിസോർട്ട് കെട്ടിപ്പൊക്കിയത്.

എന്നാൽ പിന്നീട് തീരദേശപരിപാല ചട്ടലംഘനം ചൂണ്ടിക്കാട്ടി പാണാവള്ളിയിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ കെട്ടിടം പൊളിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും സുപ്രീംകോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു. 2013-ൽ ഹൈക്കോടതിയും 2020 ജനുവരിയിൽ സുപ്രീംകോടതിയും കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കണമെന്ന് ഉത്തരവിട്ടെങ്കിലും കൊവിഡ് സാഹചര്യം കാരണം നടപടി ക്രമങ്ങൾ പിന്നെയും നീളുന്ന നിലയായി.

ഒടുവിൽ കഴിഞ്ഞ മാസം ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ കളക്ടർ വി.ആർ.കൃഷ്ണതേജ  വിഷയത്തിൽ ഇടപെട്ടു. ഉദ്യോഗസ്ഥരുമായി നേരിട്ട് റിസോർട്ടിലെത്തിയ കളക്ടർ കൈയ്യേറ്റ ഭൂമി തിരിച്ചു പിടിച്ചു. 

കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ചിലവ് അടക്കം ആക്ഷന്‍ പ്ലാന്‍ റിസോര്‍ട്ട് അധികൃതര്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. ഈ പ്ലാന്‍ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച ശേഷമാണ് പൊളിക്കൽ നടപടികളിലേക്ക് കടന്നത്. മിനി മുത്തൂറ്റ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലാണ് 2011 ൽ കാപ്പിക്കോ റിസോർട്ട് പണിതത്. റിസോർട്ടിന്‍റെ ഒരു ഭാഗം സ്വമേധയാ പൊളിച്ച് നീക്കാമെന്ന് റിസോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്.

വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ കെട്ടിടത്തിൽ നിന്നും മാറ്റിയ ശേഷമാണ് റിസോർട്ട് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പൊളിച്ച് മാറ്റുന്നത്. സബ്‌ കലക്ടർ സൂരജ്‌ ഷാജി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശാ സി. എബ്രഹാം, ചേർത്തല തഹസിൽദാർ കെ.ആർ. മനോജ്, പാണാവള്ളി വില്ലേജ് ഓഫീസർ കെ. ബിന്ദു, ജില്ലാ എൻവയോൺമെൻറൽ എൻജിനീയർ സി.വി. സ്മിത, ഫയർ ഓഫീസർ രാംകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലത്തുണ്ട് .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K