28 September, 2022 07:27:56 PM


നാട്ടുകാരെ നായ കടിച്ചു; 'ഏറ്റുമാനൂർ മുനിസിപ്പാലിറ്റി പട്ടിപിടുത്തം ആരംഭിച്ചു'



ഏറ്റുമാനൂർ: 'ഏറ്റുമാനൂർ മുനിസിപ്പാലിറ്റി പട്ടിപിടുത്തം ആരംഭിച്ചു'. ഏറ്റുമാനൂര്‍ നഗരത്തില്‍ ഒട്ടേറെ പേരെ കടിച്ച നായയെ പിടികൂടിയ പിന്നാലെ നഗരസഭയിലെ ഒരു ഭരണകക്ഷിയംഗം സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റാണിത്. നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയ പിന്നാലെയാണ് ഇത്തരമൊരു പോസ്റ്റ് വാട്സ്ആപ്പില്‍ കാണപ്പെട്ടത്. പട്ടിപിടുത്തം ആരംഭിക്കാന്‍ നായ നാട്ടുകാരെ കടിക്കാനായി കാത്തിരിക്കുകയായിരുന്നോ ഇതുവരെ എന്ന ചോദ്യവുമായി ഇതോടെ ആളുകള്‍ രംഗത്തെത്തി.


അടുത്ത ദിവസം മുതല്‍ നായകളെ പിടിച്ച് വാക്സിനേഷന്‍ നടത്താനുള്ള തീരുമാനത്തിലായിരുന്നു നഗരസഭ. ഇതിനിടെയാണ് ഇന്ന് നഗരത്തിലിറങ്ങിയ നായ നാട്ടുകാരെ നിരത്തി കടിച്ചത്. പിന്നാലെ നായപിടുത്തക്കാരനെ വരുത്തി പ്രശ്നക്കാരനായ നായയെ വലയെറിഞ്ഞ് പിടികൂടുകയായിരുന്നു. തെരുവില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ നേരത്തെ പിടികൂടിയിരുന്നെങ്കില്‍ ഇന്നീ ഗതി വരില്ലായിരുന്നല്ലോ എന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം. എന്നാല്‍ അതിന് ചില നിബന്ധനകള്‍ ഒക്കെയുണ്ടെന്നാണ് സ്ഥലത്തെത്തിയ നഗരസഭാ ചെയര്‍പേഴ്സണും മറ്റും മറുപടി നല്‍കിയത്.


നാട്ടുകാരെ കടിച്ചുകൊല്ലുമ്പോഴാണോ ഈ നിബന്ധനയൊക്കെ എന്നായിരുന്നു ഒരു നാട്ടുകാരന്‍ നഗരസഭാ അധികൃതരോട് ചോദിച്ചത്. ഇതിനിടെ എന്നാല്‍ ചേട്ടന്‍ പോയി പിടിക്ക് എന്ന രീതിയില്‍ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായ സംഭാഷണവും പ്രതിഷേധാത്മകമായി. നാട്ടുകാരെ  കടിച്ച പിന്നാലെ നായപിടുത്തം തുടങ്ങി എന്ന അവകാശവാദവുമായി നഗരസഭ രംഗത്തെത്തിയതും ചര്‍ച്ചയായി. പത്തോളം പേരെയാണ് ഇന്ന് ഏറ്റുമാനൂരില്‍ നായ കടിച്ചത്. നായയെ പിടികൂടി ഏറ്റുമാനൂര്‍ മൃഗാശുപത്രിയിലേക്ക് മാറ്റി.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K