30 September, 2022 07:05:39 PM


യുവാവിനെ ആക്രമിച്ച്‌ കാര്‍ തട്ടിയെടുത്ത കേസിൽ നാല് പേര്‍ അറസ്റ്റില്‍



പാലാ: യുവാവിനെ ആക്രമിച്ച്‌ വാഹനം തട്ടിയെടുത്ത കേസിൽ നാല് പേരെ ഈരാറ്റുപേട്ട  പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ പത്താഴപ്പടി ഭാഗത്ത് കണിയാംകുന്നേൽ വീട്ടിൽ സുബൈർ മകൻ മുഹമ്മദ് മുനീർ (24), ഈരാറ്റുപേട്ട നടയ്ക്കൽ വഞ്ചാങ്കൽ വീട്ടിൽ യൂസഫ് മകൻ ആഷിദ്  (22), ഈരാറ്റുപേട്ട നടയ്ക്കൽ ഈല്ലക്കയം ഭാഗത്ത് ചിയാലിൽ വീട്ടിൽ ഷെരീഫ് മകൻ സുൽഫിക്കർ (30), ഈരാറ്റുപേട്ട നടയ്ക്കൽ ഈല്ലക്കയം ഭാഗത്ത് കന്നുപറമ്പിൽ വീട്ടിൽ ദിലീപ് മകൻ അജ്മൽ  ഷാ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

ഈരാറ്റുപേട്ട സ്വദേശി തന്‍റെ കാർ വിൽക്കാനുണ്ടെന്ന് ഫേസ്ബുക്കിൽ പരസ്യം ചെയ്തതിനെ തുടർന്ന്  പ്രതികളിൽ ഒരാളായ ആഷിദ്  പരസ്യം കൊടുത്ത ആളെ വിളിച്ച് വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാനായി സന്ധ്യയോടുകൂടി കാഞ്ഞിരപ്പള്ളിയിൽ കൊണ്ടുവരാൻ ആവശ്യപ്പെടുകയും, വാഹന ഉടമ തന്റെ ബന്ധുവായ യുവാവിന്റെ കയ്യില്‍  വണ്ടി കൊടുത്തുവിടുകയും ചെയ്തു. വണ്ടി കാഞ്ഞിരപ്പള്ളിയിൽ കൊണ്ടുവന്നപ്പോള്‍   ആഷിദും  മറ്റൊരു പ്രതിയായ മുനീറും വണ്ടിയിൽ കയറി ടെസ്റ്റ്‌ ഡ്രൈവ് ചെയ്യുവാൻ എന്ന  വ്യാജേനെ വാഹനം ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഈരാറ്റുപേട്ടയിൽ എത്തിയപ്പോള്‍  ആഷിദ് ഭക്ഷണം കഴിക്കാമെന്ന് പറയുകയും തുടർന്ന് തട്ടുകടയുടെ സമിപത്ത് വണ്ടി നിർത്തുകയും ചെയ്തു. ഈ സമയം മറ്റു രണ്ടു പ്രതികളായ അജ്മൽ ഷായെയും, സുൽഫിക്കറിനെയും കാറിൽ ഉണ്ടായിരുന്ന പ്രതികൾ ഇരുവരും ചേർന്ന് വിളിച്ചു വരുത്തുകയും  തുടർന്ന് പ്രതികള്‍ നാലുപേരും ചേർന്ന് കാറിൽ ഉണ്ടായിരുന്ന യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് വാഹനവുമായി കടന്നു കളയുകയായിരുന്നു.  യുവാവിന്റെ പരാതിയെ തുടർന്ന്  ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നാലുപേരെയും  ഈരാറ്റുപേട്ടയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടുകയായിരുന്നു.

ഒളിപ്പിച്ച നിലയിൽ കാറും പോലീസ്  കണ്ടെടുത്തു. പ്രതികളായ ആഷിദിനും, അജ്മലിനും ഈരാറ്റുപേട്ടയിൽ നിരവധി കേസുകൾ നിലവിലുണ്ട്. സുൽഫിക്കറിന് നിലമ്പൂർ എക്സൈസിൽ കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ മാരായ വിഷ്ണു വി.വി, സുജിലേഷ് എം, എ.എസ്.ഐ ഇക്ബാൽ, സി.പി.ഓ ശരത് കൃഷ്ണദേവ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K