06 October, 2022 07:30:10 PM


യുവാവിനെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിലെ മുഴുവൻ പ്രതികളും അറസ്റ്റില്‍



ചങ്ങനാശ്ശേരി: യുവാവിന്‍റെ മൃതദേഹം വീടിന്റെ തറ തുരന്ന്കുഴിച്ചിട്ട നിലയിൽ കാണപ്പെട്ട കേസ്സിലെ മുഴുവൻ പ്രതികളും പോലീസിന്റെ പിടിയിലായി. വിജയപുരം ചെമ്മരപ്പള്ളി ഭാഗത്ത് പുളിമൂട്ടിൽ വീട്ടിൽ ബൈജു മകൻ വിപിൻ ബൈജു(24) വിജയപുരം ചെമ്മരപ്പള്ളി ഭാഗത്ത് പരുത്തൂപ്പറമ്പിൽ വീട്ടിൽ ബാബു മാത്യു മകൻ ബിനോയി മാത്യു (27), വിജയപുരം ചെമ്മരപ്പള്ളി ഭാഗത്ത് പൂശാലിൽ വീട്ടിൽ സണ്ണി മകൻ വരുൺ പി.സണ്ണി (29)എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ചങ്ങനാശ്ശേരി എ.സി റോഡിൽ പൂവം കടത്ത് ഭാഗത്ത് മുത്തുകുമാർ എന്നയാൾ വാടകയ്ക്കെടുത്തു താമസിച്ചു വരുന്ന വീടിനുളളിൽ വച്ചാണ് ആലപ്പുഴ സൗത്ത് ആര്യാട് ഭാഗത്ത് കിഴക്കേവെളിയിൽ വീട്ടിൽ പുരുഷൻ മകൻ ബിന്ദുമോൻ കൊല ചെയ്യപ്പെട്ടത്. ബിന്ദുമോനെ കൊലപ്പെടുത്തി കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്ത മൂടിയ ഭാഗം പോലീസ് പൊളിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ചങ്ങനാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒന്നാം പ്രതിയായ ചങ്ങനാശ്ശേരി എ.സി.റോഡില്‍ പൂവംകടത്ത് ഭാഗത്ത് അഖില്‍ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന (ആലപ്പുഴ,കോമളപുരം അയ്യങ്കാളി ജങ്ങ്ഷന്‍ ഭാഗത്ത് മറ്റത്തില്‍വീട്ടില്‍) പൊന്നപ്പന്‍ മകന്‍ മുത്തുകുമാര്‍ (53) എന്നയാളെ ആലപ്പുഴയില്‍ നിന്നും പിടികൂടിയിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നും മുത്തുകുമാര്‍ ഒറ്റക്കല്ല കൃത്യം നടത്തിയതെന്ന് മനസിലാക്കുകയും കൂട്ടുപ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. പ്രതികൾ അന്യ സംസ്ഥാനങ്ങളിലേക്ക് കടന്നു കളഞ്ഞതായി മനസ്സിലാക്കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ വിപിൻ ബൈജു, ബിനോയ് മാത്യു എന്നിവരെ കോയമ്പത്തൂരിൽ നിന്നും പിടികൂടുകയുമായിരുന്നു. പ്രതികൾക്ക് വേണ്ട സഹായം ചെയ്തു കൊടുത്തതിനാണ് വരുൺ. പി. സണ്ണിയെ കോട്ടയത്ത് നിന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ബിന്ദുമോനും ഒന്നാം പ്രതി മുത്തുകുമാറിന്റെ ഭാര്യയും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്നുളള സംശയത്തെ തുടർന്ന് വിരോധത്തിലായ മുത്തുകുമാർ, നാളുകളായി ബിന്ദുമോനെ കൊലപ്പെടുത്തുന്നതിനുളള ആസൂത്രണത്തിലായിരുന്നു. കഴിഞ്ഞ 26ന് ബിന്ദുമോനെ വിളചു വരുത്തിയ പ്രതികൾ ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ബിന്ദുമോനുമായി വഴക്കുണ്ടാക്കുകയും തുടർന്ന് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പോസ്റ്റുമോർട്ടം പരിശോധനയിൽ ബിന്ദുമോന്‍റെ വാരിയെല്ലുകൾ ഒടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുളളതായും കഴുത്ത് ഞെരിച്ച് പ്രതികൾ മരണം ഉറപ്പാക്കിയതായും തെളിഞ്ഞിട്ടുണ്ട്.

ചങ്ങനാശ്ശേരി ഡി.വൈ.എസ്സ്.പി. സി.ജി സനിൽകുമാര്‍, ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗ്ഗീസ്, കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യു.ശ്രീജിത്ത്, എസ്.ഐ. മാരായ ജയകൃഷ്ണൻ, ആനന്ദകുട്ടൻ, എ.എസ്.ഐ. മാരായ പ്രസാദ്.ആര്‍.നായർ, ഷിനോജ്, സിജു.കെ.സൈമൺ, ജീമോൻ മാത്യു, രഞ്ജീവ് ദാസ്, സി.പി.ഓ മാരായ ആന്റണി.പി.ഇ, അജേഷ് കുമാർ, മുഹമ്മദ് ഷാം, അതുൽ.കെ.മുരളി, ഉണ്ണികൃഷ്ണൻ, സതീഷ്, സലമോൻ, മണികണ്ഠൻ, സന്തോഷ്, അനീഷ് കെ ജോൺ, സെൽവരാജ്, ലൂയിസ് പോൾ, പ്രതീഷ് രാജ്, ശ്യാം , വിപിൻ , അജിത്ത്, ഉണ്ണികൃഷ്ണൻ നായർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K