09 October, 2022 01:03:15 AM


ഏറ്റുമാനൂരിലെ താത്ക്കാലിക ഓവര്‍സിയര്‍മാരുടെ നിയമനം വിവാദമാകുന്നു



ഏറ്റുമാനൂര്‍ ഏറ്റുമാനൂര്‍ നഗരസഭയില്‍ കരാര്‍ - ദിവസ വേതനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍മാരെ നിയമിച്ചതില്‍ വിയോജനക്കുറിപ്പുമായി ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍. നഗരസഭാ കൗണ്‍സിലിന്‍റെ അംഗീകാരം തേടാതെയും കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയും നടത്തിയ അഭിമുഖവും ഓവര്‍സിയര്‍മാരെ തിരഞ്ഞെടുക്കലും അഴിമതിയുടെ മറ്റൊരു മുഖമാണെന്ന ആരോപണമുയര്‍ന്നു.

നഗരസഭാ എല്‍ എസ് ജി ഡി വകുപ്പില്‍ ഉണ്ടായിരുന്ന അഞ്ച് ഓവര്‍സിയര്‍മാരില്‍ നാല് പേരും സ്ഥലംമാറി പോയതിനെതുടര്‍ന്ന് ഓഫീസ് ജോലികള്‍ ആകെ പ്രശ്നത്തിലായിരുന്നു. ഫയലുകള്‍ കെട്ടികിടക്കുന്നുവെന്നും പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയെന്നും കാട്ടി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നഗരസഭാ അധികൃതര്‍ക്ക് കത്ത് നല്‍കിയത് ചര്‍ച്ച ആയിരുന്നു. ഇതിന് പിന്നാലെയാണ് ഓവര്‍സിയര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച പരസ്യം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 

എന്നാല്‍ പരസ്യം കൊടുത്തതും അഭിമുഖം നടത്തിയതും നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതയാണെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. സ്ഥിരം സമിതി അധ്യക്ഷരില്‍ പലരും ഈ സംഭവം അറിയുന്നത് പത്രപരസ്യം കാണുമ്പോള്‍. അഭിമുഖം നടത്തി ഓവര്‍സിയര്‍മാരെ തിരഞ്ഞെടുത്ത ശേഷം ലിസ്റ്റ് കഴിഞ്ഞ ദിവസം നടന്ന കൗണ്‍സിലില്‍ അംഗീകാരത്തിനായി വെക്കുകയായിരുന്നു. എന്നാല്‍ ഈ നീക്കത്തെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ എതിര്‍ത്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ഉള്‍പ്പെടെ അഞ്ച് കൗണ്‍സിലര്‍മാര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയശേഷം യോഗം ബഹിഷ്കരിച്ചു.

കൗണ്‍സിലിന്‍റെ അംഗീകാരമില്ലാതെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കേണ്ടത് പൊതുജനങ്ങളില്‍നിന്നും നികുതിയായി പിരിക്കുന്ന തുക ഉള്‍പ്പെടെയുള്ള നഗരസഭാ ഫണ്ടില്‍നിന്നാണെന്നും ഇവര്‍ ചൂണ്ടികാട്ടി. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍നിന്നും താത്ക്കാലിക ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള സാഹചര്യം ഉണ്ടായിട്ട് അതും പ്രയോജനപ്പെടുത്തിയില്ല. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ നഗരസഭയ്ക്ക് ഭാവിയില്‍ ബാധ്യതയാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പദ്ധതിപ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ മനപൂര്‍വ്വമോ അല്ലാതെയോ വരുത്തിയാല്‍ അതിന് താത്ക്കാലിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനാവില്ല. ഇത് കൂടുതല്‍ അഴിമതിയ്ക്ക് വഴിവെക്കുകയേ ഉള്ളൂ എന്നും പറയപ്പെടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K