10 October, 2022 10:37:37 AM


സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് അന്തരിച്ചു



ന്യൂഡൽഹി: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് (82) അന്തരിച്ചു. മകനും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൂന്നു തവണ (1989 -1991, 1993 - 1995, 2003 - 2007) ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം 1996 ജൂൺ മുതൽ 1998 മാർച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിൽ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ മെയ്ൻ‌പുരിയിൽനിന്നുള്ള ലോക്സഭാംഗമാണ്.

ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ ഒരു ഗ്രാമത്തിൽ സുധർ സിംഗിന്‍റെയും മൂർത്തിദേവിയുടെയും മകനായി 1939 നവംബർ 22-ന് ജനനം. റാം മനോഹർ ലോഹ്യയുടെയും രാജ് നാരായണിന്‍റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967ൽ ആദ്യമായി യുപി നിയമസഭയിലെത്തി. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം തടവിൽക്കിടന്നു. 1980ൽ ലോക്ദൾ പാർട്ടിയുടെ അധ്യക്ഷനായി. പിന്നീട് ഈ പാർട്ടി ജനതാദളിന്‍റെ ഭാഗമായി. ലോക്ദൾ പിളർന്നതോടെ ക്രാന്തികാരി മോർച്ച പാർട്ടിയുമായി മുലായം രംഗത്തെത്തി. 1989ൽ ആദ്യമായി യുപി മുഖ്യമന്ത്രിയായി. 1992ൽ സമാജ്‌വാദി പാർട്ടി രൂപീകരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായാണ് അദ്ദേഹം അറിയപ്പെടുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K