16 October, 2022 07:03:17 PM


ബാങ്കില്‍ ബാധ്യതയിലിരുന്ന കടമുറികള്‍ വാടകയ്ക്ക് നൽകി 25 ലക്ഷം തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ



ഏറ്റുമാനൂർ: ബാങ്കില്‍ ബാധ്യതയിലിരുന്ന കടമുറികള്‍ വാടകയ്ക്ക് നൽകി പണം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ നേതാജി നഗർ ഭാഗത്ത്  തോട്ടത്തിൽ വീട്ടിൽ ജോർജ് മകൻ ബിജു ജോർജ്  (53) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സർജിക്കൽ സ്ഥാപനം നടത്തുന്നതിന് വേണ്ടി ഏറ്റുമാനൂർ പേരൂർ കവല ഭാഗത്തുള്ള തന്‍റെ കടമുറികൾക്ക്‌ മറ്റ് ബാധ്യതകൾ ഒന്നുമില്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ജസ്റ്റിൻ മാത്യു എന്ന ആളിൽ നിന്നും 25 ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.

2020-ലാണ് ജസ്റ്റിൻ മാത്യു ബിജുവില്‍ നിന്നും കടമുറി വാടകയ്ക്കെടുക്കുകയും 25 ലക്ഷം രൂപ സെക്യൂരിറ്റിയായി കൊടുക്കുകയും ചെയ്തത്. 2022-ൽ ഈ സ്ഥാപനം സ്വകാര്യ ബാങ്കുകാർ വന്ന് ജപ്തി ചെയ്യുന്നതിന് നോട്ടീസ് പതിക്കുകയും, കടയില്‍ നിന്നും ഒഴിവാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ബിജു തന്നെ കബളിപ്പിച്ച്‌ പണം കൈക്കലാക്കിയതാണെന്നും, ഈ കടമുറികള്‍ താനുമായി ഉണ്ടാക്കിയ കരാറിനു മുന്‍പ് തന്നെ ബിജു ബാങ്കിൽ പണയപ്പെടുത്തിയിരുന്നുവെന്നും ജസ്റ്റിന് മനസ്സിലാവുന്നത്.

തുടർന്ന് ജസ്റ്റിൻ ബിജുനോട് സെക്യൂരിറ്റി ആയി നൽകിയ 25 ലക്ഷം രൂപ  തിരികെ ആവശ്യപ്പെടുകയും, ബിജു ചെക്ക് ഒപ്പിട്ട് നൽകുകയുമായിരുന്നു. എന്നാൽ ഇയാൾ  ചെക്കുമായി ബാങ്കിൽ ചെന്നപ്പോഴാണ് ഈ അക്കൗണ്ട് ദിവസങ്ങൾക്ക് മുമ്പ് തന്നെ ബിജു ക്ലോസ് ചെയ്തുവെന്നും ഈ ചെക്ക് അസാധുവാണെന്നും മനസ്സിലാകുന്നത്. ഇതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ഏറ്റുമാനൂർ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ഇയാളെ ബാംഗ്ലൂരിൽ നിന്നും പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ, എസ്.ഐ ജോസഫ് ജോർജ്, എ.എസ്.ഐ മനോജ് കുമാർ, സി.പി.ഓ ഡെന്നി പി ജോയ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K