19 October, 2022 09:14:22 PM


ഏറ്റുമാനൂര്‍ നഗരസഭയുടെ നികുതി "കൊള്ള": സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്‌ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയെ ഹൈക്കോടതി വിളിച്ചുവരുത്തി ശാസിച്ചു. വ്യാപാര ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റുമാനൂര്‍ നഗരസഭാ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചയും നികുതിയിനത്തില്‍ വന്‍കൊള്ള നടത്താനുള്ള നീക്കവും ചോദ്യം ചെയ്ത് വ്യാപാരികള്‍ നല്‍കിയ ഹര്‍ജിയെതുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ നടപടി. 

കഴിഞ്ഞ വര്‍ഷം വരെ കൃത്യമായി കെട്ടിടനികുതിയും തൊഴില്‍നികുതിയും അടച്ചുവന്നിരുന്ന വ്യാപാരികളില്‍ പലരും ലൈസന്‍സ് പുതുക്കാന്‍ നഗരസഭയില്‍ എത്തിയപ്പോഴാണ് വെള്ളിടി വെട്ടിയപോലെ നഗരസഭയുടെ കമ്പ്യൂട്ടറില്‍ നികുതികുടിശിഖ രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തരുടെയും പേരില്‍ അടിച്ചുവെച്ചിരിക്കുന്ന കുടിശിഖ അടയ്ക്കാതെ ലൈസന്‍സ് പുതുക്കാനാവില്ലെന്ന് അധികൃതര്‍ ധര്‍ഷ്ട്യത്തോടെ അറിയിച്ചതോടെയാണ് വ്യാപാരികള്‍ നിയമനടപടികളുമായി രംഗത്തെത്തിയത്. 

ഗ്രാമപഞ്ചായത്ത് ആയിരുന്ന ഏറ്റുമാനൂര്‍ നഗരസഭ ആയ വര്‍ഷം മുതല്‍ മുന്‍കാലപ്രാബല്യത്തോടെയെന്ന പേരില്‍ യഥേഷ്ടം നികുതി വര്‍ദ്ധിപ്പിച്ച് ഇവര്‍ സന്‍ജയ വെബ്സൈറ്റില്‍ രേഖപ്പെടുത്തുകയായിരുന്നു. ഇങ്ങനെ വന്‍തുക കുടിശിഖ അടയ്ക്കാന്‍ ആവശ്യപ്പെട്ടവരെല്ലാം തന്നെ മുന്‍വര്‍ഷങ്ങളില്‍ ലൈസന്‍സ് പുതുക്കിയ സമയത്ത് അധികൃതര്‍ രേഖപ്പെടുത്തി നല്‍കിയ പ്രകാരം നികുതി അടച്ച് രസീതി വാങ്ങിയിരുന്നവരുമാണ്. ഇതിനുശേഷമാണ് കെട്ടിടഉടമകള്‍ അറിയാതെ തന്നെ നികുതി യഥേഷ്ടം വര്‍ദ്ധിപ്പിച്ച് കുടിശിഖയായി എഴുതിചേര്‍ത്തത്. സംഭവം തര്‍ക്കത്തിലെത്തിയതോടെ ഒട്ടേറെ പേര്‍ക്ക് ലൈസന്‍സ് പുതുക്കാനാവാതെ വന്നു.

നടപ്പുവര്‍ഷം വരെ കൃത്യമായി നികുതിയടച്ചവര്‍ പുതിയ സംവിധാനത്തില്‍ തന്നാണ്ടത്തെ നികുതിയടക്കാന്‍ ശ്രമിച്ചപ്പോള്‍ പതിനായിരങ്ങളും ലക്ഷങ്ങളും കുടിശിഖ കണ്ട് അന്ധാളിച്ചു. ഈ തുകയത്രയും കെട്ടിടഉടമ അടയ്ക്കാതെ ലൈസന്‍സ് പുതുകാകനുള്ള അപേക്ഷപോലും സ്വീകരിക്കില്ല എന്നായിരുന്നു നഗരസഭാ ഉദ്യോഗസ്ഥരുടെ നിലപാട്. ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് നല്‍കിയ ഹര്‍ജിയെതുടര്‍ന്ന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ കെട്ടിടനികുതിയുമായി ബന്ധപ്പെടുത്താതെ എല്ലാ അപേക്ഷകളും വാങ്ങാമെന്ന് നഗരസഭാ അധികൃതര്‍ സമ്മതിച്ചത് രേഖപ്പെടുത്തിയിരുന്നു.

മുന്‍കൂര്‍ നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ കെട്ടിടനികുതി പ്രശ്നത്തില്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആറ് മാസത്തിലേറെയായിട്ടും ഈ കേസില്‍ നഗരസഭ സത്യവാങ്മൂലം സമര്‍പ്പിച്ചില്ല. കേസിന്‍റെ അന്തിമവിധി വരാനിരിക്കെതന്നെ നഗരസഭാ അധികൃതര്‍ പഴയപടി വന്‍തുക നികുതി അടയ്ക്കാന്‍ വാക്കാല്‍ ആവശ്യപ്പെട്ടും തുടങ്ങി. ബാങ്ക് ലോണിനും  വിവിധ രജിസ്ട്രേഷന്‍ നടപടികള്‍ക്കും മറ്റുമായി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനെത്തുന്നവരെ കൊണ്ട് വന്‍തുക നികുതി അടപ്പിച്ച് നഗരസഭ തങ്ങളുടെ കൊള്ള തുടരുകയാണ്.

ഇതിനിടെയാണ് രജിമോന്‍ പ്രോത്താസീസ് എന്ന വ്യാപാരി നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഒക്ടോബര്‍ 17ന് രാവിലെ 10.15ന്  ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക ദൂതന്‍ വഴി നഗരസഭാ സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. പക്ഷെ സെക്രട്ടറി എത്തിയില്ല. അന്ന് ഉച്ചയ്ക്ക് 1.30 വരെ സമയം അനുവദിച്ച കോടതി സെക്രട്ടറി എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കാന്‍ സ്റ്റാന്‍റിംഗ് കൌണ്‍സിലിനോട് ആവശ്യപ്പെട്ടു.

വിവരമറിഞ്ഞ പാഞ്ഞെത്തിയ സെക്രട്ടറിയെ ഹൈക്കോടതി ശക്തമായി ശാസിക്കുകയും താക്കീത് ചെയ്യുകയും ചെയ്തു. കോടതിയുടെ ഉത്തരവ് നോട്ടീസ് ഒന്നും താന്‍ അറിഞ്ഞിട്ടില്ല എന്ന സെക്രട്ടറിയുടെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. ഇതൊന്നും അറിയുന്നില്ലെങ്കില്‍ എന്തിനാണ് സെക്രട്ടറിയായി അവിടെ ഇരിക്കുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇപ്പോള്‍ എത്തിയില്ലായിരുന്നുവെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുമായിരുന്നു എന്നും കോടതി സൂചിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച സത്യവാങ്മൂലം ഫയല്‍ ചെയ്തുകൊള്ളണമെന്നും നിര്‍ദേശിച്ചു. വാദിക്കുവേണ്ടി അഡ്വ വി രാജേന്ദ്രന്‍ ഹാജരായി. 

ദശാബ്ദങ്ങളായി വ്യാപാരശാലകള്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യപരമായ കെട്ടിടങ്ങള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ കെട്ടിടമുടമ പോലും അറിയാതെ ഗാര്‍ഹികകെട്ടിടങ്ങളായി മാറി. ഇതും വ്യാപാരികള്‍ക്ക് തലവേദനയായി മാറി. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരവും കൃത്യതയില്ലാത്തതുമായ നടപടികള്‍ നാട്ടുകാര്‍ക്ക് പീഡനമായി മാറിയിരിക്കുകയാണെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് എന്‍.പി.തോമസ് ചൂണ്ടികാട്ടി.

നഗരസഭ നിയോഗിച്ച അഭിഭാഷകന്‍ കഴിഞ്ഞ മൂന്ന് സിറ്റിംഗിലും കോടതിയില്‍ ഹാജരായില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അദ്ദേഹം കോടതിയില്‍ നിരന്തമായി ഹാജരാകാതിരുന്നതാണ് സെക്രട്ടറിയെ കോടതി വിളിച്ചുവരുത്താനുണ്ടായ സാഹചര്യം ഉടലെടുത്തതെന്നും കൌണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. അതേസമയം, നഗരസഭ പൊതുമരാമത്ത് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍മാരെ ഏകപക്ഷീയമായി നിയമിച്ചതുള്‍പ്പെടെ നടന്നതും നടക്കുന്നതുമായ അഴിമതികള്‍ക്ക് സെക്രട്ടറി കൂട്ടുനില്‍ക്കുകയാണെങ്കില്‍ അദ്ദേഹം ഇനിയും കോടതി കയറേണ്ടിവരുമെന്ന് ഒരു വിഭാഗം കൌണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. 

Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K