12 November, 2022 11:11:49 PM


ശബരിമല തീര്‍ത്ഥാടനം: ഏറ്റുമാനൂരില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിഏറ്റുമാനൂര്‍: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ മുന്നൊരുക്കങ്ങല്‍ വിലയിരുത്താന്‍ നടന്ന യോഗം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥാടനകാലത്ത് ക്ഷേത്രപരിസരത്ത് അത്യാവശ്യം നടപ്പിലാക്കേണ്ട വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. 


പതിവുപോലെ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍നിന്നും പമ്പയ്ക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നടത്തണമെന്നും വടക്കന്‍ പ്രദേശങ്ങളില്‍നിന്നും പമ്പ, എരുമേലി എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ ക്ഷേത്രമൈതാനത്ത് കയറിപോകണമെന്നും ആവശ്യം ഉയര്‍ന്നു. ഇത്തരം വിഷയങ്ങള്‍ ചൂണ്ടികാട്ടി ക്ഷേത്രോപദേശകസമിതി നല്‍കിയ കത്തില്‍ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നും ചെയ്യുന്ന കാര്യങ്ങളെന്തൊക്കെയെന്നും വ്യക്തമാക്കി.


നടപ്പിലാക്കേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടവയിങ്ങനെ. ക്ഷേത്രപരിസരവും ചുറ്റുമുള്ള റോഡുകളും നഗരസഭ ദിവസേന ശുചീകരിക്കണം. പരിസരങ്ങളിലെ കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യണം. ഹോട്ടലുകളിലും മറ്റ് കടകളിലും നല്‍കുന്ന ആഹാരസാധനങ്ങളുടം ഗുണനിലവാരം ഉറപ്പാക്കണം. തൊഴിലാളികള്‍ക്ക് ആരോഗ്യസുരക്ഷാകാര്‍ഡുകള്‍ നല്‍കണം. മൈതാനത്ത് നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കണം. 24 മണിക്കൂറും പോലീസ് സേവനം ലഭ്യമാക്കുന്നതിന് എയ്ഡ് പോസ്റ്റിനു പുറമെ പോലീസ് കണ്‍ട്രോള്‍ റൂം ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കണം. 


പടിഞ്ഞാറെനട മുതല്‍ ആറാട്ട് സ്വീകരണഗോപുരം വരെ അനധികൃതപാര്‍ക്കിംഗ് ഒഴിവാക്കണം. തിരക്കുള്ളപ്പോള്‍ പാര്‍ക്കിംഗിനായി ഏറ്റുമാനൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട് തുറന്നുകൊടുക്കണം. ഏറ്റുമാനൂരില്‍ എല്ലാ തീവണ്ടികളും നിര്‍ത്തുന്നതിനുള്ള നടപടിയുണ്ടാവണം. മാലിന്യസംസ്‌കരണത്തിന് പുതിയ ഇന്‍സുലേറ്റര്‍ സ്ഥാപിക്കണം. തിരു ഏറ്റുമാനൂരപ്പന്‍ ബസ്‌ബേയില്‍ വെള്ളവും വെളിച്ചവും ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അഗ്നിരക്ഷാസേനയുടെ സേവനത്തോടൊപ്പം രാത്രികാലങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം.


അതേസമയം ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് താഴെപറയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും ഉപദേശകസമിതി അറിയിച്ചു. മതില്‍കെട്ടിനുള്ളില്‍ ചുക്കുവെള്ളം നല്‍കും. പടിഞ്ഞാറെനടയില്‍ ആവശ്യത്തിന് വാട്ടര്‍ ടാപ്പുകള്‍ ഘടിപ്പിക്കും. താത്ക്കാലിക സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. വില്ലുകുളത്തില്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കും. ക്ഷേത്രമൈതാനത്തെ ഡിസ്പന്‍സറികള്‍ക്ക് താത്ക്കാലിക ഇരിപ്പിടങ്ങള്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ ഒരുക്കും. ഭക്തര്‍ക്ക് ഉച്ചയ്ക്കും വൈകിട്ടും പതിവുപോലെ ആഹാരം തുടരും. തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാന്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ സൗകര്യമൊരുക്കുന്നതുകൂടാതെ വിരിപന്തലും തുറക്കും.


ജില്ലാ കളക്ടര്‍ ഡോ.പി.കെ.ജയശ്രീ, ജില്ലാ പോലീസ് മേധാവി കാര്‍ത്തിക്, ഉപദേശകസമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍, നഗരസഭാ പ്രതിപക്ഷനേതാവ് ഈ.എസ്.ബിജു, പി.ജി.ബാലകൃഷ്ണപിള്ള തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. 


പ്രതിഷേധവുമായി ക്ഷേത്രസംരക്ഷണസമിതി


യോഗത്തില്‍ ഉപദേശകസമിതി സെക്രട്ടറി സ്വാഗതം പറയാന്‍ തുടങ്ങിയപ്പോഴേക്കും പ്രതിഷേധവുമായി ഒരു സംഘം ഭക്തര്‍ എഴുന്നേറ്റു. ഉപദേശകസമിതി പിരിച്ചുവിടപ്പെട്ടതിനു തുല്യമായി ഹൈക്കോടതി ഉത്തരവ് ഉണ്ടായ സാഹചര്യത്തില്‍ ഉപദേശകസമിതി സെക്രട്ടറി യോഗത്തില്‍ സംസാരിക്കാന്‍ പറ്റില്ലെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുംവരെ നിലവിലെ ഉപദേശകസമിതിക്ക് തുടരാമെന്ന് അറിയിച്ചിട്ടും ഇവര്‍ പിന്‍മാറിയില്ല. തുടര്‍ന്ന് സെക്രട്ടറി ശ്രീകുമാര്‍ സംസാരിച്ചുതീരും വരെ പഞ്ചാക്ഷരിമന്ത്രം ഉരുവിട്ട് പ്രതിഷേധിച്ചു.
Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K