11 December, 2022 02:10:14 PM


അതിരമ്പുഴയിൽ ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം: മൂന്നു പ്രതികൾ അറസ്റ്റിൽ



ഏറ്റുമാനൂർ: കള്ള് ഷാപ്പിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കോട്ടമുറി കോളനിയിൽ പേമലമുകളേൽ വീട്ടിൽ ഉദയകുമാർ മകൻ നന്ദു കുമാര്‍ (24), അതിരമ്പുഴ കോട്ടമുറി കോളനിയിൽ കൊച്ചുപുരയ്ക്കൽ ചിറയിൽ വീട്ടിൽ റോബിൻ മകൻ രാഹുൽ (22), കല്ലറ കാവിമറ്റം ഭാഗത്ത് കൂരാപ്പള്ളില്‍ വീട്ടിൽ സിബി ആന്റണി മകൻ ജിഷ്ണു കുമാർ(24) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ അതിരമ്പുഴ മുണ്ടുവേലിപ്പടി ഭാഗത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ  കയറി ഷാപ്പ്‌ ജീവനക്കാരനെ ചീത്ത വിളിക്കുകയും കള്ള് നിറച്ച് വച്ചിരുന്ന കുപ്പി ഉപയോഗിച്ച് ജീവനക്കാരന്റെ തലക്കടിക്കുകയുമായിരുന്നു. അതിനുശേഷം ഇവർ ഷാപ്പിലെ ഉപകരണങ്ങൾ അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ജൂണ്‍ മാസം പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഇതിലെ പ്രതികളെ പിടികൂടുന്നതിനായി  ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഏറ്റുമാനൂര്‍ പോലീസിന് നിർദ്ദേശം നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും പരാതിക്കാരനെ നേരിൽ കണ്ട് ഇന്നലെ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ നന്ദു കുമാറിന് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ അടിപിടി കേസുകളും രാഹുലിന് ഏറ്റുമാനൂർ സ്റ്റേഷനിൽ കഞ്ചാവ് കേസും നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ ടി.ആർ, എസ്.ഐ. പ്രശോഭ് കെ.കെ, സി.പി.ഓ മാരായ ഡെന്നി, പ്രവീൺ, പ്രേംലാൽ രാകേഷ് എസ്.കെ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K