15 December, 2022 03:24:19 PM


കോട്ടയം സിവില്‍ സ്റ്റേഷന്‍റെ മുഖം മിനുക്കി പുതിയ കവാടം; പൊതുജനങ്ങള്‍ക്കായി തുറന്നു



കോട്ടയം: ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമടക്കമുള്ള ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം സിവില്‍ സ്റ്റേഷന്റെ നവീകരിച്ച പ്രവേശനകവാടം സഹകരണ സാംസ്‌കാരിക രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ ഉദ്്ഘാടനം ചെയ്തു. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ കളക്ടര്‍ ഡോ. പി. കെ. ജയശ്രീ, എ.ഡി.എം ജിനു പുന്നൂസ്, പി.ഡബ്ല്യൂ.ഡി. കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. ശ്രീലേഖ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മാത്യൂ വര്‍ഗീസ്, അസിസ്റ്റന്റ് എഞ്ചിനീയർ മായ സുനിൽകുമാർ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



തൂണുകളില്‍ വെട്ടുകല്ലിന്‍റെ ഡിസൈന്‍ ചെയ്ത കവാടത്തില്‍ 'സിവില്‍ സ്റ്റേഷന്‍, കോട്ടയം' എന്ന് മലയാളത്തിലും ഇംഗ്ലീഷിലും  മനോഹരമായി എഴുതിയിരിക്കുന്നു. കവാടത്തിനു സമീപം അലങ്കാരചെടികളും സജ്ജീകരിച്ചിരിക്കുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തില്‍ 4.44 ലക്ഷം രൂപ ചെലവിട്ടാണ് സിവില്‍ സ്റ്റേഷന്റെ പുതിയ മുഖമുദ്രയാകുന്ന പ്രവേശനകവാടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.


മറ്റു പദ്ധതികളില്‍ നിന്ന് മിച്ചം പിടിച്ച പണം ഉപയോഗിച്ചാണ് പ്രവേശനകവാടം നവീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ ഡോ. പി. കെ ജയശ്രീ പറഞ്ഞു. കെ.കെ റോഡിലേക്കുള്ള രണ്ടാമത്തെ  പ്രവേശന കവാടത്തിലെ പഴയഗേറ്റ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K