04 February, 2023 03:14:09 PM


ജാമിയ സംഘർഷ കേസിൽ ജെഎൻയു ഗവേഷകന്‍ ഷർജീൽ ഇമാമിനെ വെറുതെ വിട്ടു



ന്യൂഡൽഹി: 2019ലെ ജാമിയ സംഘർഷ കേസിൽ ജെഎൻയു ഗവേഷകനും ആക്ടിവിസ്റ്റുമായ ഷർജീൽ ഇമാമിനെ വെറുതെ വിട്ടു. മറ്റൊരു പ്രതി ആസിഫ് തൻഹയെയും കോടതി വെറുതെവിട്ടിട്ടുണ്ട്. ഡൽഹി സാകേത് കോടതിയുടേതാണ് ഉത്തരവ്. ഷർജീൽ ഇമാം, ആസിഫ് തൻവ എന്നിവരെ കൂടാതെ മറ്റു പത്തുപേരെയും സാകേത് കോടതി അഡീഷണൽ സെഷൻസ് ജഡ്ജ് അരുൾവർമ കുറ്റവിമുക്തരാക്കി. അതേസമയം ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിച്ചതായി ഷര്‍ജീൽ ഇമാമിന്റെ അഭിഭാഷകനായ താലിബ് മുസ്തഫയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബർ 13ന് ജാമിയയിലുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ മൂന്ന് ദിവസം നീണ്ട സംഘർഷം അരങ്ങേറിയിരുന്നു. ഈ കേസിലാണ് ഷർജീൽ ഇമാമിനെയും കൂട്ടരെയും കോടതി വെറുതെ വിട്ടിരിക്കുന്നത്. പൗരത്വഭേദഗതിക്കെതിരെ ജാമിയ നഗർ പ്രദേശത്ത് സമരം ചെയ്തവർ പൊതു-സ്വകാര്യ വാഹനങ്ങൾ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. 2019 ഡിസംബർ 13ന് ഷർജീൽ ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമണങ്ങൾക്ക് കാരണമായതെന്നും പൊലീസ് ആരോപിച്ചിരുന്നു.

എന്നാൽ ഈ കേസിൽ കുറ്റവിമുക്തനാക്കിയെങ്കിലും ഷർജീലിന് ജയിലിൽനിന്ന് പുറത്തിറങ്ങാനാവില്ല. ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ഷർജീൽ വിചാരണ നേരിടുകയാണ്. ഡൽഹി കലാപക്കേസിൽ ഷർജീൽ ഇമാമിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. മണിപ്പൂർ, അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലും നി​ര​വ​ധി കേ​സു​ക​ൾ ഷ​ർ​ജീ​ൽ ഇ​മാ​മിന്‍റെ പേ​രി​ൽ എടുത്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K