24 February, 2023 01:02:05 PM


അടൂരിൽ വാടകവീട്ടിൽ നിന്ന് കള്ളനോട്ട് കണ്ടെത്തിയ സംഭവം: അന്വേഷണം ശക്തമാക്കി പോലീസ്



അടൂര്‍: അടൂരിൽ ഏഴംകുളം പ്ലാന്‍റേഷൻ മുക്കിനു സമീപം വാടക വീട്ടിൽ നിന്ന് കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഏഴംകുളത്ത് പള്ളിമുക്കിന് സമീപത്തെ എം ടി ആർ കൊട്ടേജിൽ നിന്നുമാണ് കള്ളനോട്ട് കണ്ടെത്തിയത്. പ്രതിയെന്നു സംശയിക്കുന്നയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. 

കള്ളനോട്ട് സ്വന്തമായി അച്ചടിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത പത്തനാപുരം മാങ്ങോട് സ്വദേശി അനസിനായാണ് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുളളത്.  ഇയാൾ ഒളിവിലാണ്. ആറുമാസം മുൻപാണ് അനസ് ഇവിടെ വാടകയ്ക്ക് വീട് എടുക്കുന്നത്. എന്നാൽ ഒന്നരമാസമേ ഇയാൾ ഇവിടെ താമസിച്ചിരുന്നുള്ളൂ. 

വീട്ടുടമ നിരന്തരം അനസ്സിനെ ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരിക്കാതായതോടെ വീട് മറ്റാർക്കെങ്കിലും വാടകയ്ക്ക് നൽകാനായി മുറി വൃത്തിയാക്കുന്നതിനിടയിലാണ് പേപ്പർ കെട്ട് ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ വീട്ടുടമ വാർഡ് മെമ്പർ ഷമീനെ വിവരം അറിയിച്ചു. ഷമീൻ നടത്തിയ തിരച്ചിലിലാണ് ഫോട്ടോ കോപ്പി മിഷ്യൻ, .2000 ത്തിന്‍റെയും 100ന്റെയും 500 ന്‍റെയും കള്ളനോട്ടുകൾ എന്നിവ കണ്ടെത്തിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K