25 February, 2023 07:42:41 PM


വിദേശത്ത് എഞ്ചിനീയര്‍ ആയ പ്രവാസിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ധനസഹായം



ചങ്ങനാശ്ശേരി: വര്‍ഷങ്ങളായി വിദേശത്ത് എഞ്ചിനീയര്‍ ആയി ജോലിനോക്കുന്ന ചങ്ങനാശ്ശേരി സ്വദേശി പ്രവാസിക്കും ലഭിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം. നാട്ടില്‍ നല്ല സാമ്പത്തികചുറ്റുപാട് ഉണ്ടായിട്ടും ഇദ്ദേഹത്തിന് മൂന്ന് ലക്ഷം രൂപയാണ് കരള്‍മാറ്റ ശസ്ത്രക്രീയയ്ക്കായി നല്‍കിയത്. ചങ്ങനാശ്ശേരി താലൂക്ക് ഓഫീസില്‍ ഇന്ന് വിജിലന്‍സ് പരിശോധിച്ച ആറ് അപേക്ഷകളില്‍ മൂന്ന് എണ്ണത്തിലും തട്ടിപ്പ് നടന്നതായി കണ്ടെത്തി. 

സ്വകാര്യസ്ഥാപനം നടത്തുന്ന തൃക്കൊടിത്താനം സ്വദേശി കിഡ്നി മാറ്റിവെക്കാന്‍ കിഡ്നി വാങ്ങിയത്  പതിനഞ്ച് ലക്ഷം രൂപാ മുടക്കി. സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ അര്‍ഹതയില്ല എന്നിരിക്കെ ഇദ്ദേഹത്തിനും ലഭിച്ചു ഏജന്‍റ് മുഖേന മൂന്ന് ലക്ഷം രൂപ. വാഹനാപകടത്തില്‍ മരണപ്പെട്ട ചങ്ങനാശ്ശേരി സ്വദേശിയുടെ അവകാശികള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായമായി ലഭിച്ചു. പ്രതിദിനം 30000 - 35000 രൂപയുടെ കച്ചവടം നടക്കുന്ന അഞ്ചുനിലയിലുള്ള ഹോട്ടലും ചങ്ങനാശ്ശേരി ടൗണില്‍ തന്നെ ആറ് സെന്‍റ് സ്ഥലവും 1800 ചതുരശ്രഅടി ഇരുനില വീടുമുള്ളയാള്‍ക്കാണ് ഈ സഹായം ലഭിച്ചത്.

ചങ്ങനാശ്ശേരി താലൂക്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം ലഭിച്ച 14 പേരുടെ അപേക്ഷകള്‍ കൂടി പരിശോധിക്കാനുണ്ടെന്നാണ് അറിയുന്നത്. സംഭവത്തില്‍ ഇതുവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒമ്പത് വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K