17 March, 2023 08:35:14 PM


വ്യാജ പേപ്പർ നോട്ട് നൽകി ലോട്ടറിയും പണവും തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ



കോട്ടയം: ലോട്ടറി കച്ചവടക്കാരനായ വൃദ്ധനിൽ നിന്നും വ്യാജ പേപ്പർ നോട്ട് നൽകി പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ മുണ്ടത്താനം ചാരുപറമ്പിൽ വീട്ടിൽ തോമസ് മകൻ അഭിലാഷ് എന്ന് വിളിക്കുന്ന ബിജി തോമസ് (42) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പതിനാലാം തീയതി ഉച്ചയോടു കൂടി കാഞ്ഞിരപ്പള്ളി ജംഗ്ഷൻ ഭാഗത്ത് കാറിലെത്തി കാല്‍നടയായി  ലോട്ടറി കച്ചവടം നടത്തി വന്നിരുന്ന ചിറക്കടവ് സ്വദേശിയായ വൃദ്ധനിൽ നിന്നും ലോട്ടറി വാങ്ങിയതിനു ശേഷം 2000 രൂപയുടെ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന വ്യാജ പേപ്പർ നോട്ട് നൽകി കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു. വൃദ്ധനിൽ നിന്നും 40 രൂപ വില വരുന്ന 12 ഓളം ടിക്കറ്റുകൾ ആണ് ഇയാൾ വാങ്ങിയത്. തുടർന്ന് വൃദ്ധൻ മെഡിക്കൽ ഷോപ്പിൽ നൽകാനായി പണം എടുത്തപ്പോഴാണ് രണ്ടായിരത്തിന്റെ വ്യാജ പേപ്പർ നോട്ട് ആണെന്ന് മനസ്സിലായത്. തുടർന്ന്  കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ പരിശോധനയ്ക്കൊടുവിൽ ഇയാളെ പിടികൂടി. ഇയാൾ മണിമല, പള്ളിക്കത്തോട്,കറുകച്ചാൽ എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ കബളിപ്പിക്കല്‍ നടത്തിയതായി കണ്ടെത്തുകയും ചെയ്തു. വാഹന കച്ചവടക്കാരൻ ആയ ഇയാൾ വില്പനയ്ക്കായി പാർട്ടിയിൽ നിന്നും വാങ്ങിയ വാഹനം ഉപയോഗിച്ചാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. പ്രായമായ ലോട്ടറി കച്ചവടക്കാരെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത് എന്നും പോലീസിനോട് പറഞ്ഞു.

ഇയാളിൽ നിന്നും ഇത്തരത്തിൽ 2000, 200 എന്നിങ്ങനെ പതിനഞ്ചോളം നോട്ടുകളും കണ്ടെടുത്തു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി കുരിയൻ, എസ്.ഐ സുരേഷ് കുമാർ, സി.പി.ഓ മാരായ ബോബി, നൗഷാദ്,അഭിലാഷ്, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K