28 March, 2023 10:36:47 AM


കസ്റ്റഡിയിലെടുത്തവരെ ക്രൂരമായി പീഡിപ്പിച്ച് തമിഴ്‌നാട്ടിലെ ഐപിഎസ് ഉദ്യോഗസ്ഥൻ



ചെന്നൈ: പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ തമിഴ്‌നാട്ടിലെ ഐപിഎസ് ഉദ്യോഗസ്ഥൻ ക്രൂരമായ മർദ്ദനത്തിനിരയാക്കിയതായി പരാതി. തിരുനെൽവേലിയിലെ ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതിയുയർന്നത്. അസിസ്റ്റന്‍റ് സൂപ്രണ്ട് ഓഫ് പൊലീസ് ബൽവീർ സിംഗാണ് കസ്റ്റഡിയിലെടുത്ത പ്രതികളെ ക്രൂരമായി പീഡിപ്പിച്ചത്.


കസ്റ്റഡിയിലെടുത്തവരെ ക്രൂരമായി മർദ്ദിച്ച ഇദ്ദേഹം പ്രതികളുടെ പല്ലുകൾ കട്ടിംഗ് പ്ലയർ ഉപയോഗിച്ച് പറിച്ചെടുത്തെന്നും ശേഷം സ്വകാര്യഭാഗങ്ങളിൽ ഗുരുതരമായി പരിക്കേൽപ്പിച്ചെന്നുമാണ് പരാതി. മർദനത്തിനിരയായവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.


സിസിടിവി ക്യാമറ തകർത്തത് ഉൾപ്പടെയുള്ള പെറ്റി കേസുകളിൽ കസ്റ്റഡിയിലെടുത്തവരെയാണ് ബൽവീർ സിംഗ് മർദിച്ചത്. മർദനത്തിനിരയായവരിൽ ഒരാളാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇരകളിൽ ഒരാളുടെ വീഡിയോ ഒരു മാധ്യമപ്രവർത്തകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.


"അംബൈ പൊലീസ് സ്റ്റേഷനിലാണ് ഞങ്ങളെ ചോദ്യം ചെയ്യാനായി കൊണ്ടുവന്നത്. അപ്പോൾ എഎസ്പി ബൽവീർ സിംഗ് യൂണിഫോമിൽ സ്റ്റേഷനിലേക്ക് വന്നു. പിന്നീട് അദ്ദേഹം യൂണിഫോം മാറ്റി ട്രൗസറും ഗ്ലൗസും ധരിച്ചു. എന്നിട്ട് ഞങ്ങളെ ഒരു മുറിയിലേക്ക് കയറ്റി. മറ്റ് പൊലീസ് ഉദ്യോഗസ്ഥരോട് ഞങ്ങളുടെ കൈ കെട്ടിവെയ്ക്കാൻ പറഞ്ഞു. ശേഷം കല്ലുപയോഗിച്ച് ഞങ്ങളുടെ പല്ലുകളിൽ അടിച്ചു. പിന്നീട് ഒരു കട്ടിംഗ് പ്ലയർ എടുത്ത് പല്ലുകൾ പറിച്ചെടുത്തു,' എന്നാണ് ഇരകളിലൊരാളുടെ മൊഴി.


ഇതുകൂടാതെ ബൽവീർ സിംഗ് തങ്ങളുടെ വായ്ക്കുള്ളിലേക്ക് കല്ലുകൾ കുത്തിനിറയ്ക്കുകയും കവിളത്ത് ആഞ്ഞടിക്കുകയും ചെയ്തുവെന്നും ഇവർ പറഞ്ഞു.


"കല്ലുകൾ വായ്ക്കുള്ളിലേക്ക് കയറ്റിയപ്പോൾ തന്നെ വായ മുറിഞ്ഞ് രക്തം വരാൻ തുടങ്ങി. എന്നിട്ടും അദ്ദേഹം വിട്ടില്ല. ശേഷം ഞങ്ങളുടെ അടിവസ്ത്രം അഴിക്കാൻ പറഞ്ഞു. പിന്നീട് സ്വകാര്യഭാഗങ്ങളിൽ മർദിച്ചു. എന്‍റെ രണ്ട് സഹോദരൻമാരുടെ സ്വകാര്യഭാഗങ്ങളിൽ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു," മർദനത്തിനിരയായ പ്രതി പറഞ്ഞു.


തിരുനെൽവേലി കളക്ടർ കെ.പി കാർത്തികേയൻ തിങ്കളാഴ്ചയോടെ അംബാസമുദ്രത്തിലെത്തി ഇരകളുടെ മൊഴി രേഖപ്പെടുത്തി.


പൊലീസ് മർദനത്തിനെതിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് കുറ്റാരോപിതനായ ബൽവീർ സിംഗിനെ പോസ്റ്റിംഗ് കൂടാതെ സ്ഥലം മാറ്റിയിട്ടുണ്ട്. അംബാസമുദ്രം ഡിവിഷന്‍റെ ചുമതല ഒരു ഡിഎസ്പിയെ എൽപ്പിച്ചതായാണ് റിപ്പോർട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K