18 April, 2023 12:17:01 PM


മോഷണം പതിവ്; പ്രതിയെ പിടിക്കാന്‍ ഒളിച്ചിരുന്ന ഉടമസ്ഥൻ കള്ളനെ കണ്ട് ഞെട്ടി



ചെന്നൈ: വീട്ടിൽ മോഷണം പതിവായപ്പോൾ ഭാര്യയും ഭർത്താവും പരസ്പരം സംശയിച്ചു. ദാമ്പത്യജീവിതം പോലും താറുമാറാക്കിയ തുടർ മോഷണങ്ങൾക്കൊടുവിൽ മോഷ്ടാവിനെ തന്ത്രപൂർവം പിടികൂടി ഗൃഹനാഥൻ.  മോഷ്ടാവിനെ പിടിക്കാൻ വീട് പുറത്തുനിന്ന് പൂട്ടി ഉള്ളിൽ ഒളിച്ചിരുന്ന ഉടമസ്ഥൻ കള്ളനെ തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടി. അയൽപ്പക്കത്തെ യുവാവായിരുന്നു മോഷ്ടാവ്. ചെന്നൈയിലെ രാമപുരത്താണ് സംഭവം.


മോഷ്ടാവിനെ കൈയോടെ പിടികൂടാൻ തയ്യാറാക്കിയ പദ്ധതി വിജയം കാണുകയായിരുന്നു. ടാക്സി ഡ്രൈവറായ നല്ലശിവവും ഭാര്യ ചിത്രയും മകൻ വീരമണിയും വാടകയ്ക്ക് താമസിച്ചിരുന്ന രാമപുരത്തെ അന്നൈ സത്യനഗറിലെ വീട്ടിലാണ് മോഷണം തുടർക്കഥയായത്. കഴിഞ്ഞ രണ്ട് മാസമായി ഇവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണം പതിവായി കാണാതാവുകയായിരുന്നു. താനറിയാതെ ഭാര്യ ഇത് എടുക്കുന്നവെന്ന് നല്ലശിവം സംശയം പ്രകടിപ്പിച്ചതോടെ, ദമ്പതികൾ തമ്മിൽ വഴക്കായി.


സ്ഥിരമായി കാണാതായത് ആയിരം രൂപയിൽ താഴെയായതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള മോഷ്ടാവിനെ നല്ലശിവവും ഭാര്യയും സംശയിച്ചതുമില്ല. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച നല്ലശിവം കാറിന്‍റെ വായ്പാ കുടിശിക അടയ്ക്കാനായി തലയിണയ്ക്കടിയിൽ സൂക്ഷിച്ച 5000 രൂപ കാണാതായതോടെയാണ് മോഷ്ടാവ് പുറത്തുനിന്നുള്ളയാളാണെന്ന് ഉറപ്പിച്ചു.


ഇതോടെയാണ് ഇവർ മോഷ്ടാവിനെ പിടികൂടാൻ പദ്ധതി തയ്യാറാക്കിയത്. തിങ്കളാഴ്‌ച പതിവുപോലെ വീടു പൂട്ടി പുറത്തിറങ്ങാൻ നല്ലശിവം ചിത്രയോട് പറഞ്ഞു. നല്ലശിവം വീടിനുള്ളിൽ ഒളിച്ചിരിക്കുകയും ചെയ്തു. ചിത്രയും മകനും കൂടി അടുത്തുള്ള സുഹൃത്തിന്‍റെ വീട്ടിൽ പോയി. രാത്രിയായതോടെ മോഷ്ടാവ് വീടിന്‍റെ പൂട്ട് പൊളിച്ച് അകത്തെത്തി.


കിടപ്പുമുറിയിൽ കയറി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നല്ലശിവം ഇയാളെ പിടികൂടി. മോഷ്ടാവിനെ തിരിച്ചറിഞ്ഞ നല്ലശിവം ഒന്ന് ഞെട്ടി. അയൽവാസിയും കരിക്ക് കച്ചവടക്കാരനുമായ മണികണ്ഠനായിരുന്നു മോഷ്ടാവ്.


ബലപ്രയോഗത്തിലൂടെ മോഷ്ടാവിനെ കീഴടക്കിയ നല്ലശിവം റോയല നഗർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ദമ്പതികൾ രണ്ടുപേരും ജോലിക്ക് പോയ സമയങ്ങളിലാണ് മദ്യപിക്കാനുള്ള പണത്തിനുവേണ്ടിയാണ് താൻ മോഷണം നടത്തിയതെന്ന് മണികണ്ഠൻ പൊലീസിനോട് സമ്മതിച്ചു. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K