18 April, 2023 04:19:55 PM


മൻ കി ബാത്ത് രാജ്യത്ത് വൻ സ്വീകാര്യത ലഭിച്ച പരിപാടി- അനുരാഗ് സിംഗ് താക്കൂർ



ന്യൂഡൽഹി: രാജ്യത്തുടനീളം ബഹുജനപ്രവർത്തനത്തിന് തിരികൊളുത്തിയ പരിപാടിയാണ് മൻ കി ബാത്ത് എന്ന് കേന്ദ്ര ഇൻഫർമേഷൻ ആന്‍റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് സിംഗ് താക്കൂർ. മൻ കി ബാത്ത് നൂറാം എപ്പിസോഡിലേക്ക് കടക്കുന്ന വേളയിലാണ് മന്ത്രിയുടെ പ്രതികരണം.


ഇന്ത്യയുടെ വാക്‌സിനേഷൻ വിജയത്തിന് പിന്നിലും മൻ കി ബാത്ത് വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൻ കി ബാത്ത് എന്ന പരിപാടിയുടെ പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെടുത്താൻ ഇക്കാര്യം മാത്രം ഓർത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.


എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനത്തിന് രാജ്യത്ത് വൻ സ്വീകാര്യതയാണ് ലഭിച്ചതെന്നും അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രധാനമന്ത്രിയുടെ വികസന മാതൃകയാണ് അദ്ദേഹത്തെ ബഹുജനങ്ങൾക്കിടയിൽ പ്രിയങ്കരനാക്കിയതെന്നും അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു.


കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാസത്തിലെ അവസാന ഞായറാഴ്ചയാണ് മൻ കി ബാത്ത് അവതരിപ്പിക്കുന്നത്. ഒരു റേഡിയോ പ്രഭാഷണം എന്ന നിലയിലാണ് പരിപാടി ആദ്യം അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ വിവിധ ഭാഷകളിൽ നിരവധി പ്ലാറ്റ്‌ഫോമുകളിലാണ് ഇത് പ്രക്ഷേപണം ചെയ്യുന്നത്.


പരിപാടിയിലൂടെ രാജ്യത്തെ സാമൂഹികമായും സാമ്പത്തികവും സാംസ്‌കാരികവുമായി വ്യത്യസ്തരായ ജനങ്ങളുടെ ഇടയിൽ പ്രധാനമന്ത്രിയുടെ സ്വീകാര്യത വർധിപ്പിക്കാൻ കഴിഞ്ഞുവെന്നും അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു. ഏകദേശം 262 സ്റ്റേഷനുകളും 375ലധികം സ്വകാര്യ കമ്മ്യൂണിറ്റി സ്റ്റേഷനുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ശൃംഖലകളിലൊന്നാണ് ഓൾ ഇന്ത്യ റേഡിയോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇതുവരെ 52 ഭാഷകളിലാണ് മൻ കി ബാത്ത് വിവർത്തനം ചെയ്ത് സംപ്രേക്ഷണം ചെയ്യുന്നത്. 11 വിദേശഭാഷകളിലേക്കും പരിപാടിയുടെ വിവർത്തനവും സംപ്രേക്ഷണവും നടത്തുന്നുണ്ട്. ഈ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നത് പ്രസാർ ഭാരതിയാണെന്നും അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു.


മൻ കി ബാത്തിന്‍റെ ആദ്യ എപ്പിസോഡ് 2014 ഒക്ടോബർ 3നാണ് സംപ്രേക്ഷണം ചെയ്തത്. ഈ മാസം 30നാണ് പരിപാടിയുടെ 100-ാം എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K