20 April, 2023 02:43:39 PM


അതിരമ്പുഴ ചീഞ്ഞുനാറുന്നു; മാലിന്യവാഹിനിയായി ചന്തക്കുളം: കണ്ണടച്ച് അധികൃതര്‍



ഏറ്റുമാനൂര്‍: മാലിന്യവാഹിയായി മാറിയ അതിരമ്പുഴ ചന്തക്കുളത്തില്‍ നിന്നും വന്‍തോതില്‍ ദുര്‍ഗന്ധം വമിക്കുന്നത് ടൗണിലൂടെയുളള സഞ്ചാരം ദുസ്സഹമാക്കി. വേനല്‍ രൂക്ഷമായതോടെ ഒഴുക്ക് നിലച്ച ചന്തക്കുളത്തില്‍ പോളയും മറ്റ് മാലിന്യങ്ങളും കെട്ടികിടക്കുന്നത് നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് പ്രശ്നം രൂക്ഷമാക്കി യത്.

മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്‍പ്പെടെയുളള അവശിഷ്ടങ്ങള്‍ അതിരമ്പുഴയുടെ ജീവനാഡിയായ ചന്തക്കുളത്തിലേക്ക് നിക്ഷേപിക്കുന്നതിനെതിരെ വർഷങ്ങളായി പരാതി ഉയരുന്നതാണ്. വേമ്പനാട്ടുകായലില്‍ നിന്നും പെണ്ണാര്‍ തോട്ടിലൂടെ ചന്തക്കുളം വരെ പണ്ട് ബോട്ട് സര്‍ വീസുണ്ടായിരുന്നു. ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ നീക്കി, കുളവും തോടും വൃത്തിയാക്കി, ശിക്കാരി ബോട്ടുകള്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലുളള നീക്കം ഇടയ്ക്ക് നടന്നിരുന്നു. പിന്നീട് അതും നിലച്ചു. 

കശാപ്പുശാലകളില്‍ നിന്നും കോഴിക്കടകളില്‍ നിന്നുമുളള അവശിഷ്ടങ്ങളും കുളത്തില്‍ കൊണ്ടുവന്നു നിക്ഷേപിക്കുന്നത് പതിവ്. ചന്തക്കുളത്തിലേക്കുള്ള കൈതോടുകളും മാലിന്യകൂമ്പാരമായി മാറിയ അവസ്ഥയാണ്. ശുചിമുറി മാലിന്യവും ഇടയ്ക്കിടെ  നിക്ഷേപിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. 

അതിരമ്പുഴയില്‍ നിന്നും ചന്തക്കുളത്തിന്‍റെയും പെണ്ണാര്‍ത്തോടിന്‍റെയും സമീപത്തുകൂടിയുളള റോഡില്‍ കലുങ്ക് നിര്‍മ്മിച്ചപ്പോള്‍ കൃത്യമായ രീതിയില്‍ മണ്ണെടുത്ത് മാറ്റാത്തത് ഇടതോടുകളില്‍ മലിനജലം കെട്ടികിടക്കുന്നതിന് ഇടയായി. തോട്ടിലെ ഒഴുക്ക് നിലച്ചതോടെ  മാലിന്യം കെട്ടികിടക്കുന്ന ദുര്‍ഗന്ധം വമിക്കുന്നതിനോടൊപ്പം കൊതുകുകള്‍ വന്‍തോതില്‍ വളരാനും ഇടയാകുന്നു.

ആന്ധ്രയില്‍ നിന്നുമെത്തിക്കുന്ന കേടായ മത്സ്യവും അതിന്‍റെ അവശിഷ്ടങ്ങളും ഈ ഇടതോടുകളിലേക്കും ചന്തക്കുളത്തിലേക്കുമാണ് നിക്ഷേപിക്കുന്നത്. മീന്‍ വണ്ടികളില്‍ നിന്നും നേരിട്ട് ഒഴുകിയെത്തുന്ന വെളളം വേറെയും. ചന്തക്കുളവും പരിസരവും ശുചിയായി സൂക്ഷിക്കാനും അതുവഴി പ്രദേശവാസികളുടെ ആരോഗ്യം കാത്തുസംരക്ഷിക്കുന്നതിനും ഗ്രാമപഞ്ചായത്ത് അമ്പേ പരാജയപ്പെടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K