21 April, 2023 06:19:43 PM
കൊല്ലം പുനലൂരില്‍ വീടിനുള്ളിൽ മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പുനലൂർ വെട്ടിപ്പുഴ പാലത്തിന് സമീപം വീടിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീയുടെയും പുരുഷന്‍റെയും മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പുനലൂർ പോലീസ് പറഞ്ഞു.
കല്ലടയാറിനോട് ചേർന്ന് വെട്ടിപ്പുഴ പാലത്തിന് സമീപം കുടിൽകെട്ടി താമസിച്ചിരുന്ന ഇന്ദിരയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണിച്ചിട്ടുണ്ട്. സ്ത്രീയുടെ മൃതദേഹം ഇന്ദിരയുടെതും പുരുഷന്‍റെ മൃതദേഹം ഇവിടെ എത്തുന്ന സഹായികളായ ആരുടെയെങ്കിലും ആകാം എന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവത്തിന് പിന്നില്‍ കൊലപാതകം എന്ന് സൂചന നൽകുന്നതാണ് പ്രാഥമിക തെളിവുകൾ. വീടിന് മുറ്റത്ത് ചോര വാര്‍ന്നു പോയിരിക്കുന്നതും ചോരപുരണ്ട കല്ലും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ തെളിവുകൾക്കായി ശാസ്ത്രീയ പരിശോധന നടത്താനാണ് പോലീസിന്‍റെ തീരുമാനം.