27 April, 2023 12:46:37 PM


നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ തമ്പാനൂർ പൊലീസ് കേസെടുത്തു



തിരുവനന്തപുരം: നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തില്‍ തമ്പാനൂർ പൊലീസ് കേസെടുത്തു. കോടതി അനുമതിയോടെ ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. കുഞ്ഞിന്‍റെ യഥാര്‍ത്ഥ അമ്മയെ കണ്ടെത്തി പ്രതി ചേർക്കുമെന്നും പൊലീസ് അറിയിച്ചു. 

തൈക്കാട്‌ സർക്കാർ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് വിറ്റത്. നാല് ദിവസം പ്രായമായ കുഞ്ഞിനെ പൊഴിയൂർ സ്വദേശികളായ ദമ്പതികൾ വിറ്റത് മുൻധാരണകൾ പ്രകാരമെന്നതിന് കൂടുതൽ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഏഴാം മാസത്തിലാണ് കുഞ്ഞിന്‍റെ അമ്മയായ പൊഴിയൂർ സ്വദേശി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടുന്നത്. ആ സമയത്ത് തന്നെ ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമാണ്. വിൽപ്പന നിശ്ചയിച്ചതിന് ശേഷം, കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് നിഗമനം.പിന്നീട്, കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരുന്നു. കുഞ്ഞിന്‍റെ മാതാപിതാക്കൾക്കായി തെരച്ചിൽ തുടരുകയാണ്. 

അതേസമയം, പ്രതിദിനം ശരാശരി 700ഓളം രോഗികളെത്തുന്ന തൈക്കാട് ആശുപത്രി അനാഥമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആശുപത്രിക്ക് നിലവിൽ സൂപ്രണ്ടുമില്ല, ഡെപ്യൂട്ടി സൂപ്രണ്ടുമില്ല. സൂപ്രണ്ട്, മാർച്ച് മുതൽ സെപ്ഷ്യൽ ക്യാഷ്വൽ ലീവിലാണ്. റിട്ടയറായി പോയ ഡോപ്യൂട്ടി സൂപ്രണ്ടിന് പകരം ആരെയും നിയമിച്ചിട്ടുമില്ല.

ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കാണ് സൂപ്രണ്ട് ഇൻ ചാർജ്ജിന്‍റെ അധിക ചുമതല. രോഗികളെ നോക്കുന്നതിനൊപ്പം വേണം, ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ. ഡെപ്യൂട്ടി സൂപ്രണ്ടിനെ ഉടൻ നിയമിക്കുമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K