09 May, 2023 07:43:15 PM


അനധികൃത ചെങ്കല്‍ ഖനനം: കോട്ടയത്ത് പലയിടത്തുനിന്നായി ഒട്ടേറെ യന്ത്രങ്ങള്‍ പിടിച്ചെടുത്തു



കോട്ടയം: ജില്ലയില്‍ വിവിധ വില്ലേജുകള്‍ കേന്ദ്രീകരിച്ച് അനധികൃത ചെങ്കല്‍ ഖനനവും മണ്ണെടുപ്പും വ്യാപിക്കുന്നു. വിജിലന്‍സ് & ആന്‍റികറപ്ഷന്‍ ബ്യൂറോ  കിഴക്കന്‍മേഖല ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ വ്യാപകക്രമകക്കടുകള്‍ കണ്ടെത്തി. ഒപ്പം ലോറികളും മണ്ണുമാന്തിയന്ത്രവും ഉള്‍പ്പെടെ ഒട്ടനവധി സന്ത്രസാമഗ്രികള്‍ പിടിച്ചെടുത്തു. 


മുളക്കുളം, കടുത്തുരുത്തി, തലയോലപ്പറമ്പ്, മാഞ്ഞൂര്‍, വെള്ളൂര്‍ തുടങ്ങിയ വില്ലേജുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്ന് മിന്നല്‍ പരിശോധന നടന്നത്. മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ അനുമതിയില്ലാതെ ജില്ലയില്‍ അനധികൃത ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിച്ചു വരുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.



മുളക്കുളം വില്ലേജില്‍ സോണി തോമസ് എന്നയാള്‍ നടത്തുന്ന ഒന്നര ഏക്കറോളം വരുന്ന അനധികൃത ക്വാറിയില്‍ നിന്ന് ഒരു മണ്ണുമാന്തിയന്ത്രവും രണ്ട് ടില്ലര്‍ മെഷിനും പിടിച്ചെടുത്തു. മാഞ്ഞൂര്‍ പഞ്ചായത്തില്‍ കല്ലറ കളമ്പുകാട്ടുള്ള സതീശന്‍ നടത്തി വരുന്ന ക്വാറിയില്‍ അനധികൃതമായി ചെങ്കല്ല് വെട്ടുന്നത് കണ്ടെത്തി. ഒരു മിനി ലോറിയും 2 ടില്ലര്‍ മിഷ്യനും ഒരു ഫിനീഷിംഗ് മിഷ്യനും പിടിച്ചെടുത്തു.


കടുത്തുരുത്തി കാപ്പുംതല ഭാഗത്ത് അലക്‌സ് മാത്യു അനധികൃതമായി ഖനനം നടത്തിവരുന്ന സ്ഥലത്തുനിന്നും മിനി ലോറി, ട്രില്ലര്‍, ഫിനീഷിംഗ് മിഷ്യന്‍ തുടങ്ങിയവ പിടിച്ചെടുത്തു. പരിശോധനയില്‍ 3 ക്വാറികള്‍ ഖനനം തീര്‍ന്ന ശേഷം മണ്ണിട്ട് നികത്തിയതായും കാണപ്പെട്ടു. 



വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കിഴക്കന്‍ മേഖല വിജിലന്‍സ് പോലീസ് സൂപ്രണ്ട് വി.ജി വിനോദ്കുമാറിന്‍റെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കോട്ടയം യൂണിറ്റ് ഡിവൈഎസ്പി വി. ആര്‍. രവികുമാറിന്‍റെ നേതൃതൃത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K