12 May, 2023 08:10:49 PM


വഴിയാത്രക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ



കോട്ടയം: കാഞ്ഞിരപ്പള്ളിയിൽബസ്‌ കാത്തു നില്‍ക്കുകയായിരുന്ന  43 കാരനെ  ആക്രമിച്ച്  പണം തട്ടിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് തൈപ്പറമ്പിൽ വീട്ടിൽ നിസാർ മകൻ നിസാം നിസാർ (28), ഇടക്കുന്നം പാറത്തോട് ചിറ ഭാഗത്ത് പുത്തൻവീട്ടിൽ  നാസർ മകൻ പതിനാറ് എന്ന് വിളിക്കുന്ന നിയാസ് നാസർ (29) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ ഇരുവരും ചേർന്ന് ഈ മാസം ഏഴാം തീയതി കാഞ്ഞിരപ്പള്ളി എഫ് സി സി പ്രൊവിഷൻ ഹൗസിന്‍റെ മുറ്റത്ത് വച്ച്  43 കാരനെ ചീത്ത വിളിക്കുകയും, തുടർന്ന് മർദ്ദിച്ചതിനുശേഷം  ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന 3600 രൂപ തട്ടിയെടുത്തുകൊണ്ട് പോവുകയായിരുന്നു. കോട്ടയം പൂവംതുരുത്ത് സ്വദേശിയായ 43 കാരൻ  എംസിബിഎസ് സെമിനാരിയിൽ എത്തിയതിനു ശേഷം തിരിച്ചു കോട്ടയത്തേക്ക് പോകാൻ രാത്രി പതിനൊന്നു മണിയോടെ എസ്.ഡി കോളേജ് ബസ്റ്റോപ്പിലേക്ക് നടന്നു വരുമ്പോഴാണ് ഇവര്‍ ഇയാളെ പിന്തുടർന്ന് ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്തത്. 

തുടര്‍ന്ന് ഇയാള്‍ തന്‍റെ ബന്ധു സേവനം ചെയ്യുന്ന എഫ് സി സി പ്രൊവിഷൻ ഹൗസിലേക്ക് ഓടിക്കയറുകയും, യുവാക്കൾ ഇയാളെ പിന്തുടർന്ന് ആക്രമിക്കുകയും കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് കടന്നു കളയുകയുമായിരുന്നു.ഇയാളുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  ഇവർക്ക് വേണ്ടിയുള്ള ശക്തമായ തിരച്ചിലിനൊ ടുവിൽ നിയാസ് നാസറിനെ  പാറത്തോട് ഭാഗത്ത്നിന്നും, നിസാം നിസാറിനെ ഇടുക്കി കുമിളയിൽ നിന്നും പിടികൂടുകയായിരുന്നു. 

ഇയാൾക്ക് പത്തനംതിട്ട പെരുനാട് സ്റ്റേഷനിലും  നിയാസ് നാസറിന് കാഞ്ഞിരപ്പള്ളി  സ്റ്റേഷനിലും കേസുകള്‍  നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ രാജേഷ് കുമാർ,സി.പി.ഓ മാരായ ശ്രീരാജ്, വിമൽ, പീറ്റർ, ബിനോയ് മോൻ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K