13 May, 2023 03:57:48 PM
ഇടുക്കിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി തങ്കമണിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കിളിയാർകണ്ടം കൊല്ലംപറമ്പിൽ അഭിജിത്തിനെയാണ് (23 ) തങ്കമണി കുട്ടൻ കവലക്ക് സമീപം മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ ഇയാളെ കാണാനില്ലന്ന് പരാതി ഉയർന്നിരുന്നു. തങ്കമണി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
യുവാവിന്‍റെ പേരിൽ നിലനിൽക്കുന്ന ചില കേസുമായി ബന്ധപ്പെട്ട് കോടതിയിൽ പോയ അഭിജിത്തിനെ പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും കണ്ടിട്ടില്ല. അഭിജിത്തിനെ കാണാതായതോടെ ബന്ധുക്കൾ തങ്കമണി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തില്‍ തങ്കമണി നീലവയൽ അമ്പലത്തിന് സമീപം അഭിജിത്തിന്‍റെ ഇരുചക്ര വാഹനം കണ്ടെത്തി. ഈ മേഖല കേന്ദ്രികരിച്ച് കഴിഞ്ഞ ദിവസം അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
ഇന്ന് രാവിലെ തമ്പുരാൻകുന്ന് ഭാഗത്ത് റോഡ് സൈഡിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് അഭിജിത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. കഴിഞ്ഞ രാത്രികളിൽ ഈ മേഖലയിൽ സുഹൃത്തുക്കൾ കൂട്ടമായി പരിശോധിച്ചപ്പോൾ കാണാത്ത മൃതദേഹം ഇപ്പോൾ എങ്ങിനെ വന്നു എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.





