15 May, 2023 10:32:52 AM


അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ മേഖലയില്‍; റേഷൻ കട ആക്രമിച്ചു



ഇടുക്കി : ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി റേഷൻ കട ആക്രമിച്ചു. ഇന്നലെ രാത്രി രണ്ട് മണിയോടെ മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് അരിക്കൊമ്പൻ തകർക്കാൻ ശ്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരി എടുക്കാനായിട്ടില്ല.  രാത്രിയോട് കാട്ടാന വനത്തിലേക്ക് പോയി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് മേഘമലയിൽ നിന്നും കാട്ടാന ഒമ്പത് കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് എത്തിയത്. റേഷൻ കട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികളാകെ ആശങ്കയിലാണ്. 

ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ചതിനാൽ കേരളത്തിലെ വനംവകുപ്പ് ആനയെ സ്ഥിരമായി നിരീക്ഷിച്ച് വരികയാണ്. നിലവിൽ തമിഴ്നാടിന്‍റെ ഭാഗമായ മേഘമലയിലാണ് ആനയുള്ളത്. തമിഴ്നാട് വനംവകുപ്പും ആനയെ നിരീക്ഷിക്കുന്നുണ്ട്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K