16 May, 2023 03:59:07 PM


ആദ്യ 2 വർഷം തന്നെ മുഖ്യമന്ത്രിയാവണം: നിലപാട് കടുപ്പിച്ച് ഡി.കെ ശിവകുമാർ



ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യം ഇപ്പോഴും ബാക്കി. കർണാടകയിലെ വൻ വിജയത്തിനു പിന്നാലെ കടുത്ത പ്രതിസന്ധിയിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. ഇപ്പോഴിതാ മുഖ്യമന്ത്രി പദത്തിലെ കാലയളവിനെച്ചൊല്ലി തർക്കങ്ങൾ മുറുകുകയാണ്. മുഖ്യമന്ത്രി പദം പങ്കിട്ട് നൽകണമെന്ന ആലോചനയിൽ ഇരു കൂട്ടരും ആവശ്യപ്പെടുന്നത് ആദ്യ 2 വർഷമാണ്.

സംസ്ഥാന മുഖ്യമന്ത്രി പദത്തിൽ ആദ്യ രണ്ട് വർഷം തന്നെ പരിഗണിക്കണമെന്നാണ് ഡി.കെ. ശിവകുമാർ ആവശ്യപ്പെടുന്നത്. ഈ നിലപാട് ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തു. ആദ്യത്തെ രണ്ട് വർഷം സിദ്ധരാമയ്യക്കും പിന്നീട് ഡി.കെ. ശിവകുമാറിനും എന്നായിരുന്നു ഹൈക്കമാന്‍ഡ് ഫോർമുല.

ഡികെ നിലപാട് കടുപ്പിക്കുന്നതോടെ ഇനിയും പ്രഖ്യാപനം നീളം. എന്നാൽ, ചർച്ച അനന്തമായി നീണ്ടു പോവരുതെന്നും എത്രയും വേഗം തീരുമാനത്തിലെത്തണമെന്നും രാഹുൽ ഗാന്ധി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മല്ലികാർജുൻ ഖാർഗെയുമായി ചർച്ചചെയ്യാൻ രാഹുൽ ഗാന്ധി ഡൽഹിയിലെത്തിച്ചേർന്നു.

ഹൈക്കമാൻഡിന്‍റെ നിർദേശ പ്രകാരം ഡി.കെ. ശിവകുമാർ ഡൽഹിയിൽ എത്തിച്ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ ഇരുവരുമായും പ്രത്യേകം ചർച്ച നടത്തും. സോണിയ ഗാന്ധി എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും 20-ാം തീയതിയോടെയെ സോണിയ ഡൽഹിയിലെത്തൂ. സോണിയാ ഗാന്ധിയെ നേരിൽ കാണുന്നതോടെ ശിവകുമാർ നിലപാടിൽ നിന്ന് അയയുമെന്നാണ് ദേശീയ നേതാക്കൾ കരുതിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K