19 May, 2023 05:53:02 PM


സര്‍ക്കാര്‍ വക ശമ്പളം; സേവനം സ്വകാര്യ ആശുപത്രികളില്‍: ഡോക്ടര്‍ പിടിയില്‍



കോട്ടയം: സര്‍ക്കാര്‍  ശമ്പളം പറ്റിക്കൊണ്ട് വിവിധ സ്വകാര്യ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിരുന്ന  ഡോക്ടര്‍ പിടിയില്‍. ഇടുക്കി ജില്ലയിലെ  പാമ്പാടുംപാറ പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടറായ ഷാഹിന്‍ എസ് ഷൗക്കത്ത്  വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രൈവറ്റ് പ്രാക്ടീസ് നടത്തി വരുന്നെന്ന വിവരത്തെ തുടര്‍ന്ന് പാമ്പാടുംപാറ പ്രൈമറി ഹെല്‍ത്ത് സെന്‍ററിലും ടിയാന്‍ സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്ന കോട്ടയം ജില്ലയിലെ കറുകച്ചാല്‍ മേഴ്സി ഹോസ്പിറ്റലിലും ഒരേ സമയം മിന്നല്‍ പരിശോധന നടത്തി. പരാതിയെ തുടര്‍ന്ന് കറുകച്ചാല്‍ മേഴ്സി ഹോസ്പിറ്റലില്‍ വെച്ചാണ് ഡോക്ടര്‍ വിജിലന്‍സിന്‍റെ പിടിയിലായത്. 

സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്നെന്ന പരാതിയിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഡോ ഷാഹിന്‍ കോട്ടയം കറുകച്ചാല്‍ മേഴ്സി ഹോസ്പിറ്റലില്‍ സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്നതായും അന്‍പതില്‍പരം രോഗികളെ ഇന്ന് രാവിലെ മുതല്‍ പരിശോധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 

പാമ്പാടുംപാറ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇയാള്‍ മാസത്തില്‍ ഒരു തവണ മാത്രമാണ് ജോലി ചെയ്യുന്നത്. ബാക്കി ദിവസങ്ങളില്‍  കറുകച്ചാല്‍ മേഴ്സി ആശുപത്രി,  ഈരാറ്റുപേട്ട പിഎംഎസ് ആശുപത്രി, എടത്വ ലൂര്‍ദ് മാതാ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍   രാവിലെ മുതല്‍ പ്രാകടീസുണ്ട്. ചൊവ്വ, ശനി ദിവസങ്ങളില്‍ ലൂര്‍ദ് ഹോസ്പിറ്റലിലും ബുധനാഴ്ച ഒഴികെയുളള ദിവസങ്ങളില്‍  മേഴ്സി ഹോസ്പിറ്റലിലും ഈരാറ്റുപേട്ടയില്‍ രാവിലെ പരിശോധന കഴിഞ്ഞിട്ട് ശരാശരി അന്‍പതോളം രോഗികള്‍ക്ക് ഒപി ടിക്കറ്റ് കൊടുക്കുന്നത്. ഇത് ചിലപ്പോള്‍ നൂറിലേറെ പേരാകാറുണ്ട്. എന്നാല്‍ പാമ്പാടുംപാറ ആശുപത്രിയില്‍ എല്ലാ ദിവസവും ജോലി ചെയ്തതായിട്ടാമ് അറ്റന്‍റന്‍സ് രജിസ്റ്റര്‍ രേഖ. 

അതേ സമയം ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഡോക്ടര്‍ക്കെതിരെയുളള റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നാകും അച്ചടക്ക നടപടികള്‍ ഉണ്ടാവുക.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K