23 May, 2023 11:14:02 AM


അരിക്കൊമ്പൻ പെരിയാറില്‍; വനപാലകർക്കായി നിർമ്മിച്ചിരുന്ന ഷെഡ് തകർത്തു



ഇടുക്കി: അരിക്കൊമ്പൻ വീണ്ടും പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട സ്ഥലത്ത് തിരിച്ചെത്തി. പെരിയാറിലെ സീനിയറോട ഭാഗത്താണ് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. വനപാലകർക്കായി നിർമ്മിച്ചിരുന്ന ഷെഡ് പൂർണമായും തകർത്തു. തമിഴ്നാട് വനമേഖലാതിർത്തിയിൽ നിന്നും നാലു ദിവസം മുൻപാണ് അരിക്കൊമ്പൻ കേരളത്തിലേക്കെത്തിയത്.

അതേസമയം, അരിക്കൊമ്പനെ ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇതുവരെ നീക്കിയിട്ടില്ല. കേരളത്തിലേക്ക് മടങ്ങിയെത്തിയില്ലെങ്കിലും വീണ്ടും തിരികെയെത്താനുള്ള സാധ്യതയെ മുൻനിർത്തിയാണ് നിയന്ത്രണത്തിൽ മാറ്റം വരുത്താത്തത്. നിലവിൽ അരിക്കൊമ്പനെ നീരിക്ഷിക്കാനായി ഏർപ്പെടുത്തിയിരുന്നവരോട് അവിടെ തുടരാനും തമിഴ്നാട് നിർദേശിച്ചിട്ടുണ്ട്.

പെരിയാര്‍ അതിര്‍ത്തിവിട്ട് മേഘമല റേഞ്ചിലേക്ക് കാട്ടാന കടക്കാത്തത് ഇരുസംസ്ഥാനത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമാണ്. ആവശ്യത്തിന് തീറ്റ കിട്ടുന്നിടത്ത് എത്തിയതിനാലായിരിക്കാം അരിക്കൊമ്പൻ ഇപ്പോള്‍ അധികംദൂരം സഞ്ചരിക്കാത്തതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K