27 May, 2023 11:08:32 AM


കമ്പത്ത് ഭീതി പരത്തിയ അരിക്കൊമ്പനെ മയക്കുവെടിവെക്കാൻ തമിഴ് നാട് നീക്കം തുടങ്ങി



കുമളി: അതിർത്തി കടന്നെത്തിയ അരിക്കൊമ്പൻ കമ്പം ടൗണിൽ വൻഭീതി പടർത്തി. ടൗണിലൂടെ ഓടിയ അരിക്കൊമ്പൻ ഓട്ടോറിക്ഷകൾ തകർന്നു. ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റതായാണ് വിവരം. 

അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ തമിഴ്നാട് സർക്കാർ നീക്കം തുടങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. കമ്പം നഗരസഭാധികൃതരുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മൈക്ക് അനൗൺസ്മെന്‍റ് നടത്തുന്നു.

തേനി ഡിഎഫ്ഒ പുതുതായി ചുമതലയേറ്റ ആളാണ്. അതാണ് തീരുമാനമെടുക്കാൻ വൈകുന്നത്. കോയമ്പത്തൂരിൽ നിന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. കമ്പം ടൗൺ വിട്ട അരിക്കൊമ്പൻ ഇപ്പോൾ കമ്പം ഔട്ടറിലാണുള്ളത്. കമ്പംമേട്ട് ഭാഗത്തേക്കാണ് ആനയുടെ സ‍ഞ്ചാരം.

മേഘമലയിൽ അരിക്കൊമ്പൻ ഇറങ്ങിയപ്പോൾ തന്നെ കേരളത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ അതൃപ്തി പ്രകടമായിരുന്നു. ഇതു പുതിയ ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്ന് തിരിച്ചറിഞ്ഞ് വളരെ ശ്രദ്ധയോടയാണ് ഉന്നത ഉദ്യോഗസ്ഥരടക്കം നടപടികളുമായി മുന്നോട്ടുപോകുന്നത്.

ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന എടുത്തെറിഞ്ഞതിൽ മൂന്നു പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ഇതിൽ ഒരാള‍ുടെ നില ഗുരുതരമാണ്. അരിക്കൊമ്പൻ കമ്പംമേട്ട് ഭാഗത്തേക്കാണു നീങ്ങുന്നത്. റോഡിന് സമാന്തരമായി തെങ്ങിന്‍തോപ്പുകളിലൂടെയാണ് ആനയുടെ നീക്കം. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്. ആനയെ തിരികെ കാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ഫലം കാണുന്നില്ല.

ഇന്നലെ വരെ ചിന്നക്കനാൽ മേഖലയിലേക്ക് അരിക്കൊമ്പൻ സഞ്ചരിക്കുന്നതായാണ് വ്യക്തമായിരുന്നത്. കൃഷി സ്ഥലങ്ങൾ ഏറെയുള്ള ഭാഗമാണ് കമ്പം. തമിഴ്നാട്, കേരള വനംവകുപ്പ് അധികൃതർ ആനയെ നിരീക്ഷിക്കുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം തമിഴ്‌നാട് വനമേഖലയിലേക്ക് അരിക്കൊമ്പൻ കടന്നിരുന്നു.

ചിന്നക്കനാലിൽ നിന്നാണ് ഏപ്രിൽ 29ന് മയക്കുവെടിവച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം ആനയെ കൊണ്ടുവിട്ടത്. രണ്ടാഴ്ച മുമ്പ് മേതകാനത്തുനിന്ന് തമിഴ്നാട്ടിലെ മേഘമലയിൽ എത്തിയ ആന അവിടെ നിന്ന് തിരിച്ച് മേതകാനത്തു വന്നതും സഞ്ചരിച്ച വഴിയിലൂടെത്തന്നെയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K