03 June, 2023 12:14:37 PM


സ്കൂട്ടറില്‍ കാര്‍ തട്ടി അപകടം; മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിച്ച 2 വയസുകാരൻ മരിച്ചു



ആലപ്പുഴ: മാതാപിതാക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ രണ്ടു വയസുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു. പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടില്‍ ജോര്‍ജ് ദേവസ്യ-അനീഷ ദമ്പതികളുടെ ഏക മകൻ ആദം ജോര്‍ജ് (2) ആണ് മരിച്ചത്. വ്യാഴം ഉച്ചയോടെ ബൈപാസില്‍ കുതിരപ്പന്തി റോ‍ഡില്‍ വച്ചാണ് അപകടം.

പനി ബാധിച്ച മകനെ മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണിച്ച്‌ മടങ്ങുകയായിരുന്നു കുടുംബം. സ്കൂട്ടറിന്‍റെ ഇടതുവശത്തിലൂടെ അമിത വേഗതയിൽ വന്ന കാറിന്‍റെ കണ്ണാടി തട്ടി സ്കൂട്ടര്‍ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. അമ്മയുടെ മടിയില്‍ ഇരുന്ന ആദം തെറിച്ച്‌ തലയിടിച്ച്‌ റോഡില്‍ വീഴുകയായിരുന്നു.

പെട്ടെന്ന് തന്നെ കുഞ്ഞിനെ എടുത്ത് അനീഷ എതിരെ വന്ന കാറിന് കൈ കാണിച്ച്‌ മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയകള്‍ക്കുശേഷം വെന്‍റിലേറ്ററില്‍ ആയിരുന്ന ആദം.  ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം 2.30 ന് ചക്കരക്കടവ് സെന്‍റ് ജോര്‍ജ് പള്ളിയില്‍ സംസ്കരിക്കും. 

ഇടത് കൈ ഒടിഞ്ഞ ജോര്‍ജും പരിക്കുകളോടെ അനീഷയും മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്കൂട്ടറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കസ്റ്റഡിയിലെടുത്തതായി സൗത്ത് പൊലീസ് പറ‍ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K