05 June, 2023 04:33:25 PM


പരിസ്ഥിതി പഠനം സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തണം - മന്ത്രി വി.എൻ വാസവൻ



ഏറ്റുമാനൂർ: പരിസ്ഥിതി പഠനം സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി വി.എൻ വാസവൻ. ഏറ്റുമാനൂർ 
എസ്.എം. എസ്.എം പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ശ്രീമൂലം റേച്ചർ ക്ലബ്ബ് ഗവ. ടി.ടി ഐ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണവും വൃക്ഷത്തെ നടീലും വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പരിസ്ഥിതി സംതുലിതാവസ്ഥ മനുഷ്യരാശിയുടെ നിലനിൽപ്പിന് ആവശ്യമായതിനാൽ അതിന്‍റെ സംരക്ഷണത്തിന് ഓരോ പൗരനും ഉത്തരവാദിത്തം ഉണ്ടെന്നു മന്ത്രി പറഞ്ഞു. ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന കവിത ചൊല്ലി മന്ത്രി കുട്ടികളോടും അധ്യാപകരോടും ഈ വരികൾ ആരാണെഴുതിയതെന്ന്  ചോദിച്ചു. പലരും ഉത്തരം തെറ്റിച്ചപ്പോൾ കവി ഇഞ്ചക്കാട് ബാലചന്ദ്രൻ എന്ന് മന്ത്രി തന്നെ ഉത്തരവും പറഞ്ഞു.

ലൈബ്രറി പ്രസിഡൻ്റ് ജി.പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻ്റ് അഡ്വ ജി.ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ. പി. രാജീവ്‌ ചിറയിൽ,ഗവ.ടി.ടി.ഐ പ്രിൻസിപ്പൽ ടി.ജയകുമാർ, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വർക്കി ജോയി, മുനിസിപ്പൽ കൗൺസിലർ രശ്മി ശ്യാം, താലൂക് ലൈബ്രറി കൗൺസിൽ കമ്മറ്റി അംഗം ഡോ. വി. ആർ. ജയചന്ദ്രൻ, അനീഷ് വി. നാഥ്‌, ടോണി ആന്റണി എന്നിവർ പ്രസംഗിച്ചു. നിലത്തെഴുത്തു കളരി ആശാൻ പി. ജി. കൃഷ്ണൻ കുട്ടി നായർ, സാംസ്‌കാരിക പ്രവർത്തകരായ എ. ജി. ഗോപി, എം. ടി. ജോൺ മുണ്ടയ്ക്കൽ  എന്നിവരെ ആദരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K