06 June, 2023 05:13:47 PM


ശ്രദ്ധയുടെ മരണം: പ്രതിഷേധം ശക്തം; വിദ്യാർഥികളെ ഡിവൈഎസ്പി മർദിച്ചു



കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സഹപാഠികളുടെ പ്രതിഷേധം ശക്തം. സമരം ശക്തമായതോടെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാനും ഹോസ്റ്റല്‍ മുറികള്‍ ഒഴിയാനും മാനേജ്മെന്‍റ് നിര്‍ദേശം നല്‍കി. 

കോളജ് അടച്ചിട്ടും ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾ തയ്യാറായിരുന്നില്ല. പിന്നാലെ കോളജിനുള്ളിൽ തുടർന്ന വിദ്യാർഥികൾ മാനേജ്‌മെന്‍റിനെതിരെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ വിദ്യാർഥികളെ  ഡിവൈഎസ്പി അനില്‍കുമാര്‍ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അവധി ദിവസം കോളേജിൽ തുടരാൻ ആകില്ലെന്ന് വിദ്യാർഥികളെ കോളജ് മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സമരം തുടരുന്ന കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വിദ്യാർത്ഥികളെ പൂട്ടിയിട്ടെന്നും ഇന്‍റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. 

യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് തങ്ങള്‍ക്കു നേരെ കൈയേറ്റം നടത്തിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ആരോപണ വിധേയരായ അധ്യാപകരെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ വീണ്ടും പ്രതിഷേധമാരംഭിച്ചത്.

രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധ സതീഷിന്‍റെ മരണത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സമരം.വിദ്യാർഥികളും സമരത്തിലേക്ക് എത്തിയതോടെ കോളേജ് അധികൃതർ ചർച്ചകൾ തയ്യാറായിരുന്നു.

ഇന്നലെ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ച ഇന്ന് നടക്കാനിരിക്കേയാണ് കോളജ് അടച്ചിടാനും ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനും തീരുമാനിച്ചത്. ഇതോടെ മാനേജ്‌മെന്‍റിനെതിരെ വിദ്യാർഥികൾ സമരം കടുപ്പിക്കുകയായിരുന്നു. ഹോസ്റ്റല്‍ വിട്ടു പോകില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. 

വിദ്യാർഥികളുടെ പ്രതിഷേധത്തേയും സമരത്തേയും ഇല്ലാതാക്കാനാണ് കോളേജ് അടച്ചിടുന്നതെന്നും പിന്നീട് കോളേജ് തുറക്കുമ്പോഴേക്കും ഇതൊരു തണുത്ത വിഷയമായി മാറുമെന്നും വിദ്യാർഥികൾ പറയുന്നു.

പ്രശ്ന പരിഹാരത്തിനായി മാനേജ്‌മെന്‍റ്  പ്രതിനിധികളും പിടിഎയും അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധികളും പങ്കെടുത്ത യോഗം കോളേജില്‍ നടന്നു. സര്‍ക്കാര്‍ ചീഫ് വിപ്പും കാഞ്ഞിപ്പള്ളി എംഎല്‍എയുമായ ഡോ. എന്‍. ജയരാജിന്‍റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ഹോസ്റ്റല്‍ വാര്‍ഡനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനില്‍ക്കുകയാണ്. 

വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയതോടെ കോളേജ് കവാടങ്ങള്‍ മുഴുവന്‍ പൂട്ടി പോലീസ് സുരക്ഷ ശക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ്  എ.ബി.വി.പി.യും കെ.എസ്.യു പ്രവര്‍ത്തകരും കോളജിലേക്ക് മാര്‍ച്ച് നടത്തി. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K