08 June, 2023 10:30:02 AM


കാറിടിച്ച് മരിച്ചെന്നു കരുതി നാട്ടുകാർ നോക്കി നിന്നു; യുവാവ് റോഡരികിൽ ചോരവാർന്നു മരിച്ചു



ആലപ്പുഴ: നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റു. കോടംതുരുത്ത് മഴത്തുള്ളിവീട്ടിൽ പരമേശ്വരന്‍റെ മകൻ ധനീഷ്(29) ആണ് മരിച്ചത്. കാൽ നടയാത്രികനായ വല്ലത്തോട് നികർത്തിൽ രഘുവരന്‍റെ മകൻ രാഘുലി(30)ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 3 മണിക്ക് ദേശീയപാതയിൽ കോടംതുരുത്ത് ഗവ. എൽപി സ്കൂളിനു മുന്നിൽ വച്ചാണ് അപകടം.

അറക്കാനുള്ള തടി മില്ലിൽ കൊടുത്ത ശേഷം ദേശീയപാതയോരത്തുകൂടി ട്രോളിയുമായി മടങ്ങുകയായിരുന്ന ധനീഷിനെയും കാൽനട യാത്രക്കാരനായ രാഹുലിനെയയും കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. അപകടത്തിൽ ധനീഷിന്‍റെ ബോധം പോകുകയും രാഹുലിനു പരുക്കേറ്റെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നില്ല. ഇതിനെ തുടർന്ന് കാർ യാത്രക്കാർ വിളിച്ചുവരുത്തിയ ആംബുലൻസിൽ രാഹുലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. എന്നാൽ ചോരയിൽ കുളിച്ചു കിടന്ന ധനീഷ് മരിച്ചെന്ന് കരുതി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

എന്നാൽ 20 മിനിറ്റിനു ശേഷം കോടംതുരുത്ത് ഗവ. എൽപി സ്കൂളിൽ അധ്യാപികമാരായ എം.ധന്യയും ജെസി തോമസും റോഡിലെ ആൾക്കൂട്ടം കണ്ട് അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് നിവർത്തിക്കിടത്തി നാഡിമിടിപ്പ് പരിശോധിച്ചപ്പോൾ ജീവനുണ്ടെന്നു മനസ്സിലാക്കിയ ഇരുവരും ആ വഴി വരുന്ന വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടർ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തിൽ കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നു കുത്തിയതോട് പൊലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K