09 June, 2023 06:10:51 PM


ചെട്ടിചാലിലൂടെ ഇനി തെളിനീരൊഴുകും: തോട് തെളിച്ച് ആഴം കൂട്ടുന്ന പദ്ധതിക്കു തുടക്കം



വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ചെട്ടിചാൽ തോടിലൂടെ ഇനി തെളിനീരൊഴുകും. തോട് തെളിച്ച് ആഴം കൂട്ടുന്ന പദ്ധതി ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം രേവതി മനീഷ് അധ്യക്ഷയായി.

ഗ്രാമപഞ്ചായത്തിന്റെ 2022 -23 വാർഷിക പദ്ധതിയുടെ ഭാഗമായി 18 ലക്ഷം രൂപ ചെലവഴിച്ചാണ് തോട് നവീകരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ ഏഴ്, ഒമ്പത്, പത്ത് വാർഡുകളിലൂടെയാണ് ചെട്ടിചാൽ തോട് ഒഴുകുന്നത്. കരിയാറുമായും, മൂവാറ്റുപുഴയാറുമായും ബന്ധപ്പെട്ടു കിടക്കുന്ന തോട് ഏറെ നാളായി പോളയും, പായലും, പുല്ലും നിറഞ്ഞു നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്.

മുൻ കാലങ്ങളിൽ പ്രദേശവാസികൾക്ക്  വളരെയധികം ഉപകാരപ്രദമായിരുന്ന തോടിലെ പോളയും പായലും നീക്കി ജെ.സി.ബി ഉപയോഗിച്ച് ആഴം കൂട്ടി നവീകരിക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചത്. പ്രളയസാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ നീരൊഴുക്ക് തടസ്സപ്പെട്ട എല്ലാ ജലാശയങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ ആനന്ദവല്ലി പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.എം. ശോഭിക, കെ ദീപേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി. പ്രസാദ്, ദീപാമോൾ, പൊതുപ്രവർത്തകരായ ജി. രവികുമാർ, പി.ഡി രാജൻ, സ്മിനുമോൻ എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K