21 June, 2023 04:55:03 PM


തലയോലപറമ്പില്‍ 12 പേരെ കടിച്ച നായ ചത്തു; പേവിഷ ബാധ പരിശോധിക്കും



വൈക്കം: തലയോലപറമ്പ് മറവൻതുരുത്ത് അപ്പക്കോട് കോളനി പരിസരത്ത് 12 പേരെ കടിച്ച തെരുവ് നായ ചത്തു. ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നായയെ പിടികൂടി കൂട്ടിലടച്ച് നിരീക്ഷിച്ചുവരികയായിരുന്നു. ഇന്ന് രാവിലെയാണ് നായയെ കൂടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. നായയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി തിരുവല്ലയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.

നായക്ക് പേവിഷബാധയുണ്ടോയെന്ന് പരിശോധനയ്ക്ക് ശേഷമേ അറിയാനാകൂ. ഇതിനിടെ നായയുടെ കടിയേറ്റവർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. കടിയേറ്റവർ വാക്സിനേഷൻ ഫുൾ ഡോസ് എടുക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. മറ്റു നായകൾക്കും നായയുടെ കടിയേറ്റിട്ടുണ്ടാകുമെന്നാണു കരുതുന്നത്. അതേസമയം, മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ തെരുവുനായകൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് നടപടികൾ ഊർജിതമാക്കി. പാലാംകടവ് മുതൽ ടോൾ ജംഗ്ഷൻവരെയുള്ള പ്രദേശത്തെ 23 തെരുവ് നായകൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയത്. മറ്റു നായകളുടെ നിരീക്ഷണം ശക്തമാക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ തെരുവുനായകളെ പിടികൂടി വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കുമെന്നും മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K