11 July, 2023 01:53:09 PM


നവീകരിച്ച എസി റോഡില്‍ വെള്ളം കയറി: കൺസൽറ്റൻസിയോട് വിശദീകരണം തേടി



ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി  റോഡിൽ നവീകരണം പൂർത്തിയായ ഭാഗത്തു വെള്ളം കയറിയ സംഭവത്തിൽ കെഎസ്ടിപി നിർമാണത്തിന്‍റെ കൺസൽറ്റൻസിയായ വോയൻസ് സൊലൂഷൻസിനോടു വിശദീകരണം തേടി. 

ഓവുചാൽ നിർമാണത്തിൽ വീഴ്ചയുണ്ടായോയെന്നാണു കെഎസ്ടിപി പരിശോധിക്കുന്നത്. ചീഫ് എൻജിനീയർ തലത്തിലാകും റിപ്പോർട്ട് പരിശോധിക്കുക. വെള്ളം കയറിയതിനു പരിഹാരം കാണാൻ പുതുതായി പണം അനുവദിക്കില്ലെന്നാണു സൂചന. 

2018ലെ പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ അത്തരമൊരു സ്ഥിതിയുണ്ടായാൽ പോലും വെള്ളം കയറാത്ത രീതിയിലാണു റോഡ് നിർമിക്കുന്നതെന്നായിരുന്നു അവകാശവാദം. എന്നാൽ 3 ദിവസത്തെ മഴയും നദികളിലൂടെ ഒഴുകിയെത്തിയ അധികജലവും കൂടിയായപ്പോൾ പാറയ്ക്കൽ ഭാഗത്തു വെള്ളം കയറുകയായിരുന്നു.

റോഡ് നിർമാണത്തിന്‍റെ ഭാഗമായി അടച്ച കലുങ്കുകൾ തുറക്കാൻ വൈകിയതാണു വെള്ളം കയറാൻ കാരണമെന്നാണു വിലയിരുത്തൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K