18 July, 2023 09:28:59 AM


കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ വഹിച്ച ജനകീയ നേതാവ്

ഉമ്മൻ ചാണ്ടി വഹിച്ച പദവികൾ



കോട്ടയം: 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്‍റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു. പിന്നീട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായി തുടർന്ന് എ.ഐ.സി.സി അംഗമായി.

1970 മുതൽ 51 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി.

1977-ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978-ൽ എ.കെ. ആൻറണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം വകുപ്പ് മന്ത്രിയായി. 

1980-കളിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആൻറണി വിഭാഗം (എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ൽ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കൺവീനറായി. 2004-ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോൾ ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 

2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോൽക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി പിന്നീട് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് എം.എൽ.എമാരുടെ മാത്രം പിന്തുണയോടെ അധികാരത്തിലേറിയ അദ്ദേഹം 2016-ൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി. 

കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.


ഉമ്മൻ ചാണ്ടി വഹിച്ച പദവികൾ

ആന്ധ്രാപ്രദേശിന്‍റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറി.

2022 - ഏറ്റവും കൂടുതൽ നാൾ (52 വർഷം) നിയമസഭ സാമാജികനായിരുന്ന കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവ്. രണ്ടാമത് കെ.എം. മാണി.

2020 - നിയമസഭയിൽ 50 വർഷം (പുതുപ്പള്ളി എം.എൽ.എ)

2011-2016 - മുഖ്യമന്ത്രി

2006-2011 - പ്രതിപക്ഷ നേതാവ്

2004 -2006 - മുഖ്യമന്ത്രി

2001-2004 - യു.ഡി.എഫ്. കൺവീനർ

1991-1994 - ധനകാര്യവകുപ്പ് മന്ത്രി

1982-1986 - യു.ഡി.എഫ്. കൺവീനർ

1982 - ആഭ്യന്തരവകുപ്പ് മന്ത്രി

1977-1978 - തൊഴിൽ വകുപ്പ് മന്ത്രി 

1970-മുതൽ - നിയമസഭാംഗം - പുതുപ്പള്ളി നിയമസഭാമണ്ഡലം

1969 - യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് 

1967 - കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് 

1965 - കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി

1962-1963 കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K