21 July, 2023 10:43:05 PM


ഉദ്യോഗസ്ഥരുടെ പിഴവ്: കിടപ്പാടവും ഉപജീവനമാര്‍ഗവും നഷ്ടപ്പെടുമെന്ന ഭീതിയില്‍ ഒരു കുടുംബം



പാലാ: റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം പാലാ നഗരത്തിലെ ഒരു ഹോട്ടലും ഇതുമായി ബന്ധപ്പെട്ട് കഴിയുന്ന കുടുംബവും കുടിയൊഴിപ്പിക്കൽ ഭീഷണിയില്‍.  പാലാ ആർ.വി. പാർക്കിന് സമീപം റിവർവ്യൂ റോഡരികിൽ പ്രവര്‍ത്തിക്കുന്ന കോമളം ഹോട്ടലിന്‍റെ ഉടമ എസ് പ്രകാശും കുടുംബവും നീതിക്കുവേണ്ടി കയറിയിറങ്ങാത്ത വാതിലുകളില്ല. റോഡിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതില്‍ വന്ന വീഴ്ച മറച്ചുകൊണ്ട് നഷ്ടപരിഹാരം പോലും നല്‍കാതെ തങ്ങളെ ഇറക്കിവിടാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് ഇദ്ദേഹം ആരോപിക്കുന്നു.


അതേസമയം, സ്ഥലം ഏറ്റെടുക്കും മുമ്പ് തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകാശ് മുഖ്യമന്ത്രിക്കും മറ്റും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല്ലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നിയമാനുസൃതം നഷ്ടപരിഹാരം നല്‍കിയശേഷം മാത്രമേ സ്ഥലം ഏറ്റെടുക്കു എന്ന് കാട്ടി പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ 2023 ജൂലൈ 19 തീയതിയിലെ കത്ത് പ്രകാശിന് ലഭിച്ചിരുന്നു. ഇതിനുശേഷവും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഭീഷണിയുമായി തുടരുകയാണെന്നാണ് പ്രകാശ് കുറ്റപ്പെടുത്തുന്നത്.



50 വർഷമായി പാലായിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോമളം ഹോട്ടല്‍. ആർ.വി. പാർക്ക് ഭാഗത്ത് നിന്ന് കൊട്ടാരമറ്റത്ത് വൈക്കം റോഡിലേയ്ക്ക് റിവർവ്യൂ റോഡ്  നീട്ടുന്ന ജോലികൾ അന്തിമഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് പൊതുമരാമത്ത് വകുപ്പ് പാലാ എഞ്ചിനീയറിംഗ് ഓഫീസിൽ നിന്ന് ഒരു കത്ത് ലഭിക്കുന്നതെന്ന് കടയുടമ എസ്.പ്രകാശ് പറയുന്നു. ഹോട്ടലിന്‍റെ പിൻ ഭാഗം പൊളിച്ചു നീക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. നഷ്ടപരിഹാരത്തെക്കുറിച്ച് കത്തിൽ ഒന്നും പറയുന്നുമില്ല. ഹോട്ടൽ പൊളിച്ചു നീക്കിയ ശേഷം പിന്നിട് നഷ്ടപരിഹാരം നൽകാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.


ഈ നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും ഉപജീവനമാർഗ്ഗവും കിടപ്പാടവും സംരക്ഷിക്കുവാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രകാശ് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ജില്ലാകളക്ടര്‍ക്കും മറ്റും പരാതി നല്‍കിയത്. ഒരു കിലോമീറ്ററോളം മീനച്ചിലാറിന്‍റെ തീരത്ത് കൂടി കോൺക്രീറ്റ് പാലമായാണ് റോഡ് കടന്നുപോകുന്നത്. അഞ്ച് വർഷം മുമ്പ് ഇതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് വസ്തു ഉടമകൾക്ക് പ്രതിഫലവും നൽകിയിരുന്നു. തന്‍റെ സ്ഥലം ഏറ്റെടുക്കുന്നതായി ബന്ധപ്പെട്ട ഒരു അറിയിപ്പും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ലഭിരുന്നില്ലെന്ന് പ്രകാശ് പറയുന്നു. റോഡിന്‍റെ അലൈൻമെന്‍റിൽ തന്‍റെ ഹോട്ടലിരിക്കുന്ന സ്ഥലം ഉൾപ്പെട്ടിരുന്നുമില്ല.


വശങ്ങളിലുള്ള സ്ഥലങ്ങൾ നിശ്ചയിച്ച പ്രതിഫലം നൽകി സർക്കാർ ഏറ്റെടുത്ത് നിർമ്മാണം തുടങ്ങിയശേഷം വളരെ വൈകിയാണ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ പിഴവ് മനസിലാക്കുന്നത്. ഇത് മറയ്ക്കാന്‍ മാസങ്ങള്‍ക്ക് മുമ്പാണ് സ്ഥലം ഏറ്റെടുക്കല്‍ നോട്ടീസുമായി ഉദ്യോഗസ്ഥർ രംഗത്ത് വന്നതെന്നാണ് ഉടമയുടെ ആക്ഷേപം. രണ്ടര സെന്‍റ് ഭൂമിയിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. തന്‍റെ പേരിലുള്ള ഈ സ്ഥലത്തിന് കരമടയ്ക്കുന്നതുമാണ്. ഇതിൽ ഒന്നര സെന്‍റിൽ കൂടുതൽ  നഷ്ടപ്പെടുകയും ഹോട്ടൽ പൂട്ടുന്ന അവസ്ഥയിലുമാണിപ്പോഴുള്ളതെന്ന് പ്രകാശ് പറയുന്നു.


മുന്‍കൂട്ടി അറിയിക്കാതെയും നഷ്ടപരിഹാരം നല്‍കാതെയും ഭൂമി പിടിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ സ്ഥലം എംഎൽഎ , മുഖ്യമന്ത്രി, റവന്യു- പൊതുമരാമത്ത് മന്ത്രിമാർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പ്രകാശ് പരാതി നൽകുകയും പാലാ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. കോടതി നിർദ്ദേശപ്രകാരം കമ്മീഷൻ സ്ഥലം സന്ദർശിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ ഇറങ്ങികൊടുത്തില്ലെങ്കില്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്കിറങ്ങാനാവാത്ത വിധം റോഡില്‍ മതില്‍കെട്ടി ഉയര്‍ത്തുമെന്ന് കഴിഞ്ഞദിവസങ്ങളില്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കിയതായും കുടംബാംഗങ്ങള്‍ ആരോപിക്കുന്നു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K