22 July, 2023 03:57:40 PM


ഹരിപ്പാട് മാർജിൻ ഫ്രീ മാർക്കറ്റിൽ 8 ലക്ഷം രൂപയുടെ തട്ടിപ്പ്; മൂന്നുപേർ അറസ്റ്റിൽ



ഹരിപ്പാട്: മാർജിൻ ഫ്രീ മാർക്കറ്റിൽ നിന്നും സാധനങ്ങൾ കടത്തിയ ജീവനക്കാരികൾ അടക്കം മൂന്നുപേർ പിടിയിലായി. ഹരിപ്പാട് മയൂരാ മാർജിൻ ഫ്രീ മാർക്കറ്റിലാണ് സംഭവം. മാർജിൻഫ്രീ മാർക്കറ്റിലെ ക്യാഷ് കൗണ്ടർ സ്റ്റാഫായ വെട്ടുവേനി തിരുവാതിരയിൽ പ്രഭ (36), ഇവരുടെ ബന്ധുവായ വെട്ടുവേനി നെടിയത്തു വടക്കതിൽ വിദ്യ (32) ,കടയിലെ മറ്റൊരു ജീവനക്കാരിയായ പള്ളിപ്പാട് അറുപതിൽവീട്ടിൽ സുജിത (28 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഏകദേശം 8 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പ്രതികളിലൊരാളായ വിദ്യ കടയിലെത്തി പതിവായി സാധനങ്ങൾ വാങ്ങിയിരുന്നു. എന്നാൽ ഇതിന്‍റെ ബില്ല് ക്യാഷ് കൗണ്ടർ സ്റ്റാഫായ പ്രഭ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം ബില്ല് കമ്പ്യൂട്ടറിൽ അടിക്കുകയും എന്നാൽ സേവ് ചെയ്യുന്നതിന് മുൻപ് ബില്ല് ഡിലീറ്റ് ചെയ്യുകയായിരുന്നു പതിവ്. ശേഷം പണം നൽകിയെന്ന വ്യാജേന വിദ്യ പോകുകയും ചെയ്യും. നിരന്തരം ഇതാവർത്തിച്ചു കൊണ്ടിരുന്നു. 

കഴിഞ്ഞ ദിവസം വിദ്യ സാധനം വാങ്ങിയതിന്‍റെ ബില്ല് മറ്റൊരു ജീവനക്കാരി പരിശോധിച്ചപ്പോൾ ബിൽ കമ്പ്യൂട്ടറിൽ കണ്ടെത്താനായില്ല. തുടർന്നു ജീവനക്കാർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പു മനസിലായത്. മുഖ്യപ്രതിയായ പ്രഭ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K