29 July, 2023 07:32:23 PM
പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ആലപ്പുഴയില്‍ യുവതി അറസ്റ്റിൽ

ആലപ്പുഴ: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ സനാതനപുരം 15ൽ ചിറവീട്ടിൽ ശ്രുതിമോളെ (24) ആണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടാളത്തിലാണ് ജോലിയെന്ന് പരാതിക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പകുതി പണം നാട്ടിൽനിന്ന് വാങ്ങിയശേഷം ബാക്കി തുക ജോലി ശരിയായിട്ട് നൽകിയാൽ മതിയെന്ന് പറഞ്ഞ് ഡൽഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വിളിച്ചുവരുത്തും. തുടർന്ന് സൈനിക വേഷത്തിലെത്തി പരാതിക്കാരിൽനിന്നും ബാക്കി പണം വാങ്ങുന്നതാണ് രീതി.
പണം നൽകിയവർ ജോലി കിട്ടാതെ വന്നതോടെയാണ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സി ഐ എസ് അരുൺ, എസ് ഐ രജിരാജ്, എഎസ്ഐ മോഹൻകുമാർ, ബി ലേഖ, എസ് സിപിഒ ബിനോജ്, സിപിഒമാരായ വിപിൻദാസ്, അംബീഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
 
                                 
                                        



