01 August, 2023 10:44:42 AM


ഹരിയാനയിലെ കലാപം: മൂന്ന് മരണം; ഇന്‍റർനെറ്റ് വിഛേദിച്ചു



ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ 2 വിഭാഗങ്ങൾ തമ്മിൽ തുടരുന്ന കലാപത്തിൽ 2 ഹോം ഗാർഡുകൾ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. 7 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കലാപത്തിൽ നുഹ്, ഗുരുഗ്രാം, പൽവാൽ, ഫരിദാബ്ദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയിൽ ബുധനാഴ്ച്ചവരെ ഇന്‍റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിൽ നടന്ന റാലിക്കിടെയാണ് അക്രമം ആരംഭിക്കുന്നത്. ഗുരുഗ്രാം അൽവാർ ദേശീയ പാതയിൽ വച്ച് ഒരു സംഘം റാലി തടസപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതോടയാണ് സംഘർഷം ആരംഭിക്കുന്നത്. അക്രമികൾ നിരവധി കാറുകൾ കത്തിച്ചു. ഇവർക്കെതിരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയിതിർക്കുകയുമായിരുന്നു.

സംഘപരിവാര്‍ സംഘടനയായ ബജംറംഗ്ദൾ പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വിഡിയോയാണ് സംഘർഷത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. 

ബജ്റംഗ്ദൾ പ്രവർത്തകനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മോനു മനേസറും കൂട്ടാളികളും വിഡിയോ പ്രചരിപ്പിച്ചത്. റാലി നടക്കുന്നതിനിടെ മേവാദിൽ താനുണ്ടാകുമെന്നു പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തായി ചില വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് കലാപത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

ഹരിയാനയില്‍ ന്യൂനപക്ഷങ്ങള്‍ കൂടുതലായുള്ള മേഖലകളിലൊന്നാണ് നൂഹ് ജില്ല. സംഘപരിവാറിന്‍റെ ജലാഭിഷേക് യാത്രയ്ക്ക് തിങ്കളാഴ്ച ഗുഡ്ഗാവില്‍നിന്നാണ് തുടക്കമായത്. നൂഹിലേക്ക് യാത്ര പ്രവേശിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം. നൂഹില്‍ സ്ഥിതി മോശമാണെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പ്രതികരിച്ചു. 

മൂവായിരത്തോളം പേര്‍ നൂഹിലെ ഒരു ക്ഷേത്രത്തില്‍ ബന്ദികളാക്കപ്പെട്ടെന്നും പൊലീസിനോട് ആവശ്യമായ ഇടപെടല്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനില്‍ വിജ് പറഞ്ഞു. 

ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അഭ്യര്‍ഥിച്ചു. സംഘര്‍ഷസാധ്യതയുണ്ടെന്ന വിവരം നേരത്തേതന്നെ ലഭിച്ചിരുന്നെന്നും എന്നിട്ടും കലാപം തടയുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷ പാര്‍ടികള്‍ ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K